വരുമാനത്തിൽ ചലനമുണ്ടാക്കാനാകാതെ കോട്ടയം കെഎസ്ആർടിസി ഡിപ്പോ
1376839
Friday, December 8, 2023 11:37 PM IST
കോട്ടയം: ശബരിമല മണ്ഡലകാലം പാതിയിലെത്തിനിൽക്കെ വരുമാനത്തിൽ ചലനമുണ്ടാക്കാൻ കഴിയാതെ കെഎസ്ആർടിസി കോട്ടയം ഡിപ്പോ. തീർഥാടകരുടെ വരവ് കുറഞ്ഞതാണു കോട്ടയം ഡിപ്പോയ്ക്ക് തിരിച്ചടിയായത്. നവംബർ 17 മുതൽ ഇന്നലെ വരെ 97,78,323 രൂപയാണ് പമ്പ സർവീസിൽനിന്നും ലഭിച്ചത്.
എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയത്ത് 1,27,99,543 രൂപയായിരുന്നു കോട്ടയം ഡിപ്പോയുടെ വരുമാനം. ഈ സീസണിൽ 30 ലക്ഷത്തിന്റെ കുറവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം സർവീസ് ബസുകൾകൂടി പന്പ സർവീസിന് ഉപയോഗിച്ചതിന്റെ കണക്കുകൂടി ചേർക്കുന്പോൾ 40 ലക്ഷം രൂപയുടെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
തെലുങ്കാനയിലെ തെരഞ്ഞെടുപ്പും ചെന്നൈയിലെ വെള്ളപ്പൊക്കവും തീർഥാടകരുടെ എണ്ണത്തിൽ കുറവ് വരുത്താൻ ഇടയാക്കി. എന്നാൽ ശബരിമലയിലേക്കുവരുന്ന തീർഥാടകരിൽ ഭൂരിപക്ഷവും ചെങ്ങന്നൂരിൽ ഇറങ്ങുന്ന പ്രവണത കൂടിയതാണ് കോട്ടയത്തിനു തിരിച്ചടിയായത്. എരുമേലിയിൽ പേട്ട തുള്ളാൻ പോകുന്ന തീർഥാടകർ മാത്രമാണ് കോട്ടയത്ത് ഇറങ്ങുന്നത്. കഴിഞ്ഞ വർഷം പന്പയിലേക്ക് 126 ബസുകളാണ് സർവീസ് നടത്തിയിരുന്നത്.
ഇത്തവണയാകട്ടെ ഒരു ദിവസം 35 സർവീസുകൾ മാത്രമാണ് നടത്താനാകുന്നത്. 45 ബസുകളാണ് ശബരിമല സ്പെഷൽ സർവീസിനായി മാറ്റിയിരുന്നത്. തിരക്ക് വർധിക്കുന്പോൾ സർവീസ് ബസുകളും ഉപയോഗിക്കാൻ തീരുമാനമായിരുന്നു. വൃശ്ചികം ഒന്നിനു തീർഥാടനത്തിന്റെ ആദ്യദിനം 3.25 ലക്ഷം രൂപയുടെ കളക്ഷനാണു പന്പ സ്പെഷൽ സർവീസിൽനിന്നു നേടിയത്. 10 ബസുകളാണ് ആദ്യ ദിനം സർവീസ് നടത്തിയത്.
കഴിഞ്ഞ സീസണിലെ അതേനിരക്കിൽ തന്നെയാണ് സർവീസ്. ഫാസ്റ്റ് പാസഞ്ചറിന് 190 രൂപയും എക്സ്പ്രസിന് 220 രൂപയും സൂപ്പർ ഫാസ്റ്റിന് 210 രൂപയുമാണ് നിരക്ക്.