നവകേരളസദസ് ജില്ലയില്‍ 12 മുതല്‍ ; മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യമെത്തുന്നത് പൂഞ്ഞാറില്‍
1376838
Friday, December 8, 2023 11:37 PM IST
കോട്ടയം: നവകേരളസദസിന് 12ന് ജില്ലയില്‍ തുടക്കമാകും. ജില്ലയിലെ ഒന്‍പതു നിയമസഭാ മണ്ഡലങ്ങളില്‍ 12 മുതല്‍ 14 വരെ മൂന്നു ദിവസങ്ങളിലായാണ് നവകേരള സദസ്. ഇതോടനുബന്ധിച്ച് വിവിധമേഖലകളില്‍നിന്നുള്ള ക്ഷണിക്കപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്ന പ്രഭാതയോഗവും നടക്കും.
12ന് ഉച്ചകഴിഞ്ഞ് മൂന്നിന് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിന്‍ ചര്‍ച്ച് ഗ്രൗണ്ടിലെ നവകേരളസദസിലാണ് മുഖ്യമന്ത്രി ആദ്യമെത്തുന്നത്. തുടര്‍ന്ന് വൈകുന്നേരം നാലിന് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പൊന്‍കുന്നം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലും വൈകുന്നേരം അഞ്ചിന് പാലാ നിയോജകമണ്ഡലത്തിലേത് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും നടക്കും.
രണ്ടാം ദിനമായ 13ന് കോട്ടയം ജറുസലേം മാര്‍ത്തോമ്മ പള്ളി ഹാളില്‍ രാവിലെ ഒമ്പതിന് ജില്ലയിലെ ആദ്യ പ്രഭാതയോഗം നടക്കും. കോട്ടയം, ചങ്ങനാശേരി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, എറ്റുമാനൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍നിന്നുള്ള 200 വിശിഷ്ടാതിഥികള്‍ പങ്കെടുത്ത് മുഖ്യമന്ത്രിയുമായി സംവദിക്കും.
തുടര്‍ന്ന് ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ ഏറ്റുമാനൂര്‍ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂള്‍ മൈതാനത്ത് രാവിലെ 10നും പുതുപ്പള്ളിയില്‍ പാമ്പാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ ഗ്രൗണ്ടില്‍ ഉച്ചകഴിഞ്ഞ് രണ്ടിനും നവകേരള സദസ് നടക്കും. വൈകുന്നേരം നാലിന് ചങ്ങനാശേരി എസ്ബി കോളജ് ഗ്രൗണ്ടിലും വൈകുന്നേരം അഞ്ചിന് കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടിലുമാണ് നവകേരള സദസ് നടക്കുക.
14ന് രാവിലെ ഒന്‍പതിന് കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോന പള്ളി പാരിഷ് ഹാളിലെ പ്രഭാതയോഗം നടക്കും. കടുത്തുരുത്തി, വൈക്കം, പാലാ നിയമസഭാ മണ്ഡലങ്ങളില്‍നിന്നുള്ള 200 വിശിഷ്ടാതിഥികള്‍ പങ്കെടുക്കും.
തുടര്‍ന്ന് 11ന് കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ നവകേരള സദസ് കുറവിലങ്ങാട് ദേവമാതാ കോളജ് മൈതാനത്തും ഉച്ചകഴിഞ്ഞ് മൂന്നിന് വൈക്കത്തേത് വൈക്കം ബീച്ചിലും നടക്കും. തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കും.
നവകേരള സദസില്‍ നിവേദനങ്ങള്‍ നൽകാൻ...
കോട്ടയം: വിവിധ വകുപ്പുകളുടെ ഇടപെടല്‍ വേണ്ടതോ ഒരു വകുപ്പുമായി മാത്രം ബന്ധപ്പെട്ടതോ ആയ നിവേദനങ്ങള്‍/ അപേക്ഷ തുടങ്ങിയവ നവകേരള സദസിന്റെ കൗണ്ടറുകളില്‍ നല്‍കാം. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷകള്‍ രേഖകളുടെ പകര്‍പ്പു സഹിതം സമര്‍പ്പിക്കാം. അപേക്ഷകര്‍ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കണം.
നാല് ഉദ്യോഗസ്ഥര്‍ വീതമുള്ള 25 കൗണ്ടറുകളാണ് നവകേരള സദസില്‍ ഉണ്ടാവുക. അതില്‍ അഞ്ചെണ്ണം സ്ത്രീകള്‍ക്കും നാലെണ്ണം മുതിര്ന്നപൗരന്മാര്ക്കും രണ്ടെണ്ണം ഭിന്നശേഷിക്കാര്‍ക്കും മാത്രമായാണ്. നവകേരള സദസ് തുടങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിക്കും. ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി തയാറാക്കിയ രസീത് ബുക്കിലെ നമ്പര്‍ അപേക്ഷയില്‍ ചേര്‍ക്കുകയും അതിന്റെ രസീത് അപേക്ഷകന് നല്‍കുകയും ചെയ്യും.
50 എണ്ണമായാല്‍ അപേക്ഷകള്‍ ഓരോ കെട്ടാക്കി മാറ്റുകയും കൗണ്ടര്‍ സൂപ്പര്‍വൈസര്‍ക്ക് കൈമാറുകയും അവര്‍ നവകേരള സദസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് കൈമാറുകയും ലഭിച്ച എല്ലാ പരാതികളും രേഖാമൂലം കളക്ടറേറ്റില്‍ എത്തിക്കുകയും ചെയ്യും. അവിടെനിന്ന് https://navakerala sadas.kerala.gov.in എന്ന പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും ബന്ധപ്പെട്ട വകുപ്പിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യും.
അപേക്ഷ നവകേരള സദസില്‍ സമര്‍പ്പിച്ച് പരമാവധി 45 ദിവസത്തിനകം തീര്‍പ്പാക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അപേക്ഷയുടെ സ്റ്റാറ്റസ് https://navakerala sadas.kerala.gov.in/ എന്ന വെബ്സൈറ്റില്‍ രസീത് നമ്പരോ മൊബൈല്‍ നമ്പര്‍ നല്‍കിയോ അറിയാന്‍ സാധിക്കും. അപേക്ഷ തീര്‍പ്പാക്കുന്നതിന്റെ പുരോഗതി മന്ത്രിസഭ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കും. പൊതുജനങ്ങള്‍ക്ക് അപേക്ഷകള്‍, നിവേദനങ്ങള്‍ നല്‍കാം.