ജൂബിലിത്തിരുനാള്‍ വലിയ വിശ്വാസ പ്രഘോഷണം: മാര്‍ കല്ലറങ്ങാട്ട്
1376833
Friday, December 8, 2023 11:37 PM IST
പാലാ: പാലായില്‍ മൂന്നു പള്ളികളുടെയും നേതൃത്വത്തില്‍ ആഘോഷിക്കുന്ന ജൂബിലിത്തിരുനാള്‍ ഏറ്റവും വലിയ വിശ്വാസപ്രഘോഷണമാണെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. തിരുനാളിന്റെ പ്രധാന ദിനമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അമലോത്ഭവ കുരിശുപള്ളി നമ്മെ സംരക്ഷിക്കുന്ന ആത്മീയ കേന്ദ്രമാണ്. പാലായുടെ ഐശ്വര്യവും മികവും സാംസ്കാരിക ഉറവിടവുമാണിത്.
മതവൈവിധ്യങ്ങളുള്ള ഈ നാട്ടില്‍ നാം സ്വാതന്ത്ര്യത്തോടെ ദൈവത്തെ സ്തുതിക്കുന്നു. മാതാവ് അമലോത്ഭവയാണ്. ദൈവകൃപ നിറഞ്ഞവളാണ്. മറിയത്തിന്റെ എളിമയെ, താഴ്മയെ ദൈവം കടാക്ഷിച്ചു. ഇന്ന് നമ്മുടെ സമുദായം വിവിധ മേഖലകളില്‍ പുറകോട്ടു പോയിരിക്കുന്നു. സ്വാധീനമുള്ള സമുദായമാകാന്‍ നാം പരിശ്രമിക്കണമെന്നും പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കണമെന്നും ബിഷപ് പറഞ്ഞു.