പരിശുദ്ധ അമ്മയുടെ മുന്നിൽ കൂപ്പുകൈകളുമായി ആയിരങ്ങൾ
1376825
Friday, December 8, 2023 11:19 PM IST
പാലാ: ആത്മീയ ഗോപുരത്തിൻചാരെ പരിശുദ്ധ അമ്മയുടെ മുന്നിൽ കൂപ്പുകൈകളുമായി ആയിരങ്ങൾ. അമ്മയുടെ ആത്മീയശക്തി തിരിച്ചറിഞ്ഞ പാലാക്കാരും അമ്മയെ ഇഷ്ടപ്പെടുന്നവരും കരിങ്കല്ലിൽ പണിതീർത്ത കുരിശുപള്ളിയിലേക്ക് ഒഴുകുകയായിരുന്നു.
നാടും നഗരവും ആത്മീയ ചൈതന്യത്തിന്റെ ദിവ്യപ്രഭയിൽ തെളിഞ്ഞപ്പോൾ ജൂബിലിത്തിരുനാള്‍ ഭക്തിസാന്ദ്രമായി. 119 വർഷക്കാലമായി സാഹോദര്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും പ്രതീകമായി നിലകൊള്ളുന്ന ജൂബിലി കപ്പേളയിലാണ് നാടിന്റെ നാനാഭാഗങ്ങളില്നിന്നുമുള്ള വ്യത്യസ്ത തലമുറകളുടെ സംഗമം ഒരുങ്ങിയത്.
ദീപാലങ്കാരങ്ങൾകൊണ്ടും കൊടിതോരണങ്ങൾകൊണ്ടും കുരിശുപള്ളിയും നഗരവും ഉൾവീഥികളും പാലാടൗണിനെ നയനമനോഹരമാക്കി.വ്യാപാരസ്ഥാപനങ്ങള്‍ വര്‍ണാഭമായി. തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തതിനൊപ്പം ഇതിന്റെ ഭാഗമായി ഒരുക്കിയിരുന്ന വിവിധ ആഘോഷപരിപാടികളിലും ജനം സജീവമായി പങ്കെടുത്തു.
തിരുക്കര്‍മങ്ങള്‍, സന്ദേശം, മരിയന്‍ റാലി, സാംസ്കാരിക ഘോഷയാത്ര, ഫാന്‍സിഡ്രസ് മത്സരം, ബൈബിള്‍ ടാബ്ലോ മത്സരം, പ്രദക്ഷിണം തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളായി. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനാളുകളാണ് ഇന്നല അമലോത്ഭവ മാതാവിന്റെ സന്നിധിയിലെത്തി നേര്ചകാഴ്ചകള് അര്‍പ്പിച്ച് അനുഗ്രഹം തേടിയത്.
സാംസ്കാരിക ഘോഷയാത്ര
ജൂബിലി ആഘോഷ കമ്മിറ്റി നേതൃത്വം നല്കിയ ജൂബിലി സാംസ്കാരിക ഘോഷയാത്ര വര്‍ണാഭമായിരുന്നു. വിവിധ ദേശങ്ങളില്‍ നിന്നുള്ള നാല്പതോളം കലാരൂപങ്ങളാണ് സാംസ്കാരിക ഘോഷയാത്രയില്‍ അണിനിരന്നത്.
റോളര്‍ സ്കേറ്റിംഗ്, മാര്‍ഗംകളി, പരിചമുട്ടുകളി എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകി. പുലികളി, നെറ്റിപ്പട്ടം കെട്ടിയ മനുഷ്യനിര്‍മിത ഗജവീരന്മാര്,
ഫിഷ് ഡാന്‍സ്, ഈഗിള്‍ ഡാന്‍സ്, കഥകളി, പൊയ്ക്കാല്‍ നൃത്തം, അക്രോബാറ്റിക് ആദിവാസി നൃത്തം, കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ ഡോളുകള്‍, വിവിധ വാദ്യമേളങ്ങള്‍, കൊട്ടക്കാവടി, ആട്ടക്കാവടി, കുംഭകുടം, വര്‍ണ കാവടികള്‍, നിരത്തുകളെ വര്‍ണാഭമാക്കാന്‍ പേപ്പര്‍ ബ്ലാസ്റ്റ്, ഒപ്പം ക്രിസ്ത്യന്‍ പൗരാണികത വിളിച്ചോതുന്ന വിവിധ ഫ്ളോട്ടുകള്‍, സാന്താക്ലോസ് എന്നിവ ഘോഷയാത്രയിലെ നയനമനോഹരകാഴ്ചകളാരുന്നു.
ളാലം പള്ളി വികാരി ഫാ. ജോസ് കാക്കല്ലില്‍, ളാലം പുത്തന്‍ പള്ളി വികാരി ഫാ. ജോര്‍ജ് മൂലേച്ചാലില്‍, ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ, ജൂബിലി ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സാംസ്കാരിക ഘോഷയാത്രയുടെ മുന്‍നിരയില്‍ അണിനിരന്നു.
പട്ടണപ്രദക്ഷിണം
വൈകുന്നേരം കുരിശുപള്ളിയില്നിന്നു മാതാവിന്റെ തിരുസ്വരൂപം സംവഹിച്ചു നടത്തിയ പ്രദക്ഷിണം നഗരത്തിന് പുണ്യമായി. ളാലം പഴയപള്ളി ഗ്രോട്ടോ, മാര്‍ക്കറ്റ് ജംഗ്ഷന്, സിവില്‍ സ്റ്റേഷന്, ടിബി റോഡിലുള്ള പന്തല്‍, ന്യൂ ബസാര്‍, കട്ടക്കയം റോഡിലുള്ള പന്തല്‍, ളാലം പഴയപാലം ജംഗ്ഷന് എന്നിവിടങ്ങളിലൂടെ എത്തി പ്രധാന വീഥിയിലൂടെ കുരിശുപള്ളിയിലെത്തി. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും പൊന്കുരിശുകളുടെയും അകമ്പടിയോടെയാണ് പ്രദക്ഷിണം നടന്നത്.
ഫാന്‍സിഡ്രസ് മത്സരവിജയികള്‍
അമലോത്ഭവ ജൂബിലിത്തിരുനാളിനോടനുബന്ധിച്ച് സിവൈഎംഎല്‍ സംഘടിപ്പിച്ച ടൂ വീലര്‍ ഫാന്‍സിഡ്രസ് മത്സരത്തില്‍ സിംഹക്കുഴിയില്‍നിന്നു പ്രവാചകന് ദാനിയേലിനെ രക്ഷിക്കുന്ന ഫ്ളോട്ട് അവതരിപ്പിച്ച ബിജോയ് കുരുവിള ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ടാം സ്ഥാനം മുക്കുവനും ഭുതവും അവതരിപ്പിച്ച ജെയ്വാന്‍-ലീയോണ് ഇന്‍സ്റ്റിറ്റ്യൂട്ട് പാലാ ടീമിനും മൂന്നാം സ്ഥാനം വലവീശുന്ന മുക്കുവനും ഭുതവും അവതരിപ്പിച്ച ബാബു ആൻഡ് ടീമിനുമാണ്.
നാടകമത്സര വിജയികള്‍
ജൂബിലിത്തിരുനാളിനോടുബന്ധിച്ച് പാലാ സിവൈഎംഎല്‍ സംഘടിപ്പിച്ച അഖില കേരള നാടകമത്സരത്തില്‍ വള്ളുവനാട് നാദം കമ്മ്യൂണിക്കേഷന്‍സിന്റെ ഊഴം ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ചിറയന്‍കീഴ് അനുഗ്രഹയുടെ നായകന് നേടി.
മികച്ച നടനായി തോപ്പില്‍ രാജശേഖരന് (നായകന്), കഥാപാത്രം നടുവട്ടം നാരായണന്. മികച്ച നടി-സുജി ഗോപിക (ഊഴം), കഥാപാത്രം മായാമുഖി. മികച്ച ഹാസ്യതാരമായി കുന്തള്ളൂര്‍ വിക്രമന് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധാനം-സുരേഷ് ദിവാകരന് (ഊഴം), മികച്ച അവതരണം (ഊഴം), മികച്ച സംഗീതം- മൊഴി, രംഗപടം-വിജയന് കടമ്പേരി, ജനപ്രിയ നാടകം-തിരുവന്തപുരം മലയാള നാടക വേദിയുടെ കണ്ണുകെട്ടിക്കളി. മികച്ച രചന-ഊഴം. സ്പെഷല്‍ ജൂറി അവാര്‍ഡ്-മൊഴി.
ടാബ്ലോ മത്സര വിജയികള്‍
കാനായിലെ കല്യാണം അവതരിപ്പിച്ച പാലാ ബില്‍ഡേഴ്സിനാണ് ഒന്നാം സ്ഥാനം. സെക്കന്‍ഡ് ടാക്സി ഡ്രൈവേഴ്സ് യൂണിയന് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച ജോസഫിനെ കാണുന്ന രംഗം ഫ്ളോട്ടിനാണ്.