നവകേരള സൗത്തിന് ഫണ്ട് അനുവദിച്ച് കിടങ്ങൂർ പഞ്ചായത്ത്
1376787
Friday, December 8, 2023 3:07 AM IST
കിടങ്ങൂർ: കിടങ്ങൂർ പഞ്ചായത്ത് നവകേരള സദസിനു തുക അനുവദിച്ചു. കേരള കോൺഗ്രസും ബിജെപിയും ചേർന്ന് ഭരിക്കുന്ന പഞ്ചായത്തിൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റിയാണ് നവ കേരള സദസിന് തുക അനുവദിച്ചത്. കേരള കോൺഗ്രസും ബിജെപിയും ചേർന്ന് രണ്ടുമാസം മുൻപാണ് എൽഡിഎഫിൽനിന്നും പഞ്ചായത്തുഭരണം പിടിച്ചെടുത്തത്.
തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളെ കേരള കോൺഗ്രസിൽനിന്നു പുറത്താക്കിയിരുന്നു. ബിജെപി മണ്ഡലം കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. എൽഡിഎഫിന് 7 അംഗങ്ങളും ബിജെപിക്ക് 5 അംഗങ്ങളും കേരള കോൺഗ്രസിന് മൂന്ന് അംഗങ്ങളുമാണുള്ളത്.
കേരള കോൺഗ്രസ് അംഗങ്ങളിൽ ഒരാൾ യോഗത്തിന് എത്തിയിരുന്നില്ല. ബിജെപിയിലെ ഒരംഗം നവകേരള സദസിന് ഫണ്ട് അനുവദിക്കുന്നതിനെ അനുകൂലിച്ചു. ഇതോടെ തുക അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തു.
നവകേരള സദസിന് പണം നൽകാൻ കുറിച്ചി ഭരണസമിതി; കൊടുക്കരുതെന്ന് പ്രതിപക്ഷം
കുറിച്ചി: കുറിച്ചി പഞ്ചായത്തിൽ നവകേരള സദസിനു പണം നൽകാൻ നീക്കമെന്ന് ബിജെപി. 13 പേരുടെ ഭൂരിപക്ഷം മൂലമുള്ള ധാർഷ്ട്യമാണ് കുറിച്ചിയിലെ സിപിഎം ഭരണസമിതി പണം നൽകാൻ കാരണം. പഞ്ചായത്തിൽ ഇതുവരെ വീട് മെയിന്റനൻസ് അടക്കം ഒരു പദ്ധതിക്കും പണം നൽകിയിട്ടില്ല. അപ്പോഴാണ് നവകേരള സദസിന് പണം നൽകാൻ തയാറാകുന്നത്.
കുറിച്ചിയിലെ സിപിഎം ഭരണസമിതിയുടെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇത്. സിപിഎം ഭരണസമിതി ഈ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പഞ്ചായത്തിന് മുന്പിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ഏരിയ പ്രസിഡന്റ് കെ.കെ. ഉദയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ.ജി. രാജ്മോഹൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെംബർമാരായ ബി.ആർ. മഞ്ജീഷ്, ശൈലജ സോമൻ, ആര്യമോൾ പി. രാജ്, കെ.എൻ. മഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു.