കെട്ടിടം പുതുക്കിപ്പണിതു നൽകണമെന്നാവശ്യം ഫാക്ടറി ഉടമയും മക്കളും കളക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി
1376784
Friday, December 8, 2023 3:07 AM IST
കോട്ടയം: ജില്ലാ വ്യവസായ കേന്ദ്രത്തില്‍ എസ്സി, എസ്ടി വിഭാഗത്തിനു അനുവദിച്ച കെട്ടിടം പുതുക്കിപ്പണിതു നൽകണമെന്നാവശ്യപ്പെട്ട് ഫാക്ടറി ഉടമയും മക്കളും കളക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി.
പൂവന്തുരുത്ത് അറയ്ക്കല്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രിസ് ഉടമ കമലു രാജനും കുടുംബവുമാണു സമരം നടത്തിയത്. പൂവന്തുരുത്ത് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ കെട്ടിടം 2014 ഏപ്രില്‍ നാലിനു തീപിടിച്ച് നശിച്ചിരുന്നു. രണ്ട് ലക്ഷത്തിലധികം രൂപയുടെ പ്ലാസ്റ്റിക് ചാക്കുകളും അഞ്ച് ലക്ഷം രൂപ വരുന്ന കെട്ടിടവും അന്ന് അഗ്നിക്കിരയായിരുന്നു.
ശാരീരിക ബുദ്ധിമുട്ടും സാമ്പത്തികപരാധീനതയുള്ള ഇവര്‍ കെട്ടിടം പുതുക്കിപ്പണിതു നൽകണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്. 2009 ജൂണ്‍ അഞ്ച് മുതല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഏഴാംനമ്പര്‍ കെട്ടിടത്തില്‍ പ്ലാസ്റ്റിക് ചാക്ക് നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.
തീപിടിത്തത്തോടെ നാശനഷ്ടം നേരിട്ട കെട്ടിടം നവീകരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതിരുന്നതിനാലാണു സമരവുമായി രംഗത്തെത്തിയതെന്നു കമലു രാജന് പറഞ്ഞു.