അതിരൂപത പിതൃവേദി റൂബിജൂബിലി സമാപന റാലിയും മഹാസംഗമവും നാളെ
1376783
Friday, December 8, 2023 3:07 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിലെ കുടുംബനാഥന്മാര്ക്കായുള്ള സംഘടനയായ പിതൃവേദിയുടെ നാല്പതാം ജന്മവാര്ഷികാഘോഷങ്ങളുടെ സമാപന സമ്മേളനവും റാലിയും നാളെ നടത്തും. ഉച്ചകഴിഞ്ഞ് 2.30ന് അരമനപ്പടിക്കല്നിന്ന് ആരംഭിക്കുന്ന ജൂബിലി റാലി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ ഫ്ളാഗ് ഓഫ് ചെയ്യും. സെന്‍ട്രല്‍ ജംഗ്ഷനിലൂടെ റാലി കത്തീഡ്രല്‍ പള്ളി ഓഡിറ്റോറിയത്തില്‍ എത്തിച്ചേരും.
നാലിനു നടക്കുന്ന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. പിതൃവേദി പ്രസിഡന്റ് ജിനോദ് ഏബ്രഹാം അധ്യക്ഷത വഹിക്കും.അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ജൂബിലി സന്ദേശം നല്‍കും. പിതൃവേദി സംഘടനയുടെ സ്ഥാപക ഡയറക്ടര്‍ റവ.ഡോ. ജോസ് ആലഞ്ചേരി, മുന്‍ പ്രസിഡന്റുമാര്‍, ആദ്യസമ്മേളനത്തില്‍ പങ്കെടുത്തവരുടെ പ്രതിനിധിയായ സി. പൗലോസ് അത്തിക്കളം എന്നിവരെ യോഗത്തില്‍ ആദരിക്കും.
കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍, ജോബ് മൈക്കിള്‍ എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീന ജോബി, മാതൃവേദി അതിരൂപത പ്രസിഡന്റ് ബീന ജോസഫ്, മാതൃവേദി അന്തര്‍ദേശീയ സെക്രട്ടറി ആന്‍സി മാത്യു, മുന്‍ പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍ എന്നിവര്‍ പ്രസംഗിക്കും.
ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല (ഡയറക്ടര്‍), ഫാ. ജോസഫ് ഇരുപ്പക്കാട്ട് (അസിസ്റ്റന്റ് ഡയറക്ടര്‍), സിസ്റ്റര്‍ ജോബിന് എഫ്സിസി (ആനിമേറ്റര്‍), ഭാരവാഹികളായ ജോഷി കൊല്ലാപുരം, സോയി ദേവസ്യ, സൈബു കെ. മാണി, തോമസ് റ്റി.എം. എന്നിവര്‍ നേതൃത്വം നല്‍കും.
പാര്‍ക്കിംഗ് ക്രമീകരണം
ചങ്ങനാശേരിയുടെ സമീപപ്രദേശങ്ങളിലുള്ളവര്‍ കഴിയുന്നിടത്തോളം പൊതുഗതാഗതം പ്രയോജനപ്പെടുത്തുന്നത് അഭികാമ്യമാണ്. വിവിധ ഫൊറോനകളില്നിന്നു ബസ്, ട്രാവലർ വാഹനങ്ങളിലെത്തുന്നവര്‍ അരമനപ്പടിയില്‍ ഇറങ്ങിയതിനുശേഷം വാഹനങ്ങള്‍ ബൈപാസ് റോഡില്‍ മറ്റു വാഹനങ്ങള്‍ക്കു തടസമുണ്ടാകാത്തവിധം ഒതുക്കി പാര്‍ക്ക് ചെയ്യാം.
വടക്കുനിന്ന് എംസി റോഡിലൂടെ വരുന്ന ചെറുവാഹനങ്ങള്‍ എസ്ബി കോളജിനുള്ളില്‍ ടവറിനു മുന്‍പിലുള്ള പാര്‍ക്കിംഗ് സ്ഥലത്ത് വാഹനം പാര്‍ക്കു ചെയ്യുക. കിഴക്കുനിന്ന് വാഴൂര്‍-ചങ്ങനാശേരി റോഡിലൂടെ എത്തുന്ന ചെറുവാഹനങ്ങള്‍ എസ്ബി കോളജില്‍ കാവുകാട്ട് ഹാളിന് മുന്‍പിലുള്ള മൈതാനത്ത് പാര്‍ക്ക് ചെയ്യുക.
ചങ്ങനാശേരി-കവിയൂര്‍ റോഡിലൂടെ (ഫാത്തിമാപുരം പള്ളിക്കു മുന്‍പിലൂടെ) എത്തുന്ന ചെറുവാഹനങ്ങള്‍ കത്തീഡ്രല്‍ പള്ളി മൈതാനത്ത് പാര്‍ക്ക് ചെയ്യുക. തെക്കുനിന്ന് എംസി റോഡുവഴിയും പടിഞ്ഞാറുനിന്ന് എസി റോഡിലൂടെയും എത്തുന്ന വാഹനങ്ങള്‍ എസ്ബി കോളജില്‍ കാവുകാട്ട് ഹാളിന് മുന്‍പിലുള്ള മൈതാനത്ത് പാര്‍ക്ക് ചെയ്യുക.