സർവകലാശാലകൾ തനത് വരുമാനം കണ്ടെത്തണം: ഡോ. മേരി ജോർജ്
1376780
Friday, December 8, 2023 3:07 AM IST
ഏറ്റുമാനൂർ: കേരളത്തിലെ സർവകലാശാലകൾ തനത് വരുമാനം കണ്ടെത്തണമെന്നു സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ്. പ്രിയദർശിനി വനിതാ വേദിയുടെ നേതൃത്വത്തിൽ എംജി സർവകലാശാലയിൽ നടത്തിയ സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
ഗവൺമെന്റിന്റെ യുക്തി സഹമല്ലാത്ത നടപടികളും തീരുമാനങ്ങളുമാണ് കേരളത്തിന്റെ ധനപ്രതിസന്ധിക്ക് കാരണമെന്ന് ഡോ. മേരി ജോർജ് പറഞ്ഞു. ബജറ്റിന് പുറമേയുള്ള കടം എന്നവകാശപ്പെട്ട് നേടിയ കിഫ്ബി വായ്പയുടെ തിരിച്ചടവ് നടക്കുന്നത് സംസ്ഥാന ബജറ്റ് പ്രകാരം വരുമാനമാകേണ്ട ഇന്ധന സെസ്, മോട്ടോർ വാഹന നികുതി എന്നിവ വകമാറ്റിയാണ്.
യൂണിവേഴ്സിറ്റികളുടെ വരുമാനം വർധിപ്പിക്കുന്നതിന് അധ്യാപകർ നിർബന്ധമായും പ്രോജക്റ്റുകൾ ഏറ്റെടുത്തു ചെയ്യണമെന്ന നിബന്ധന ഉണ്ടാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ ജിഎസ്ടി രംഗത്ത് വലിയ നികുതി ചോർച്ച സംഭവിച്ചിട്ടുണ്ട്.
ആഭ്യന്തര വരുമാനത്തിന്റെ 24 ശതമാനത്തിൽ അധികം കുടിശിക പിരിക്കാതെ, നികുതി വർധനവ് മാത്രം ധനാഗമ മാർഗമായി കാണുന്നത് വികലമായ ധനകാര്യ മാനേജ്മെന്റിന്റെ ഫലമാണ്.
ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ സഞ്ചിതകടം ആഭ്യന്തര വരുമാനത്തിന്റെ ഇരുപത്തിയൊന്പതു ശതമാനത്തിൽ അധികരിക്കരുതെന്ന കേന്ദ്ര നിയമമിരിക്കെ കേരളത്തിന്റെ സഞ്ചിത കടം മുപ്പത്തിയാറു ശതമാനമാണ്.
കട ബാധ്യതയുടെ കാര്യത്തിൽ കേരളത്തിനു മുമ്പിൽ ജമ്മു കാശ്മീരും പഞ്ചാബും മാത്രം. സ്ഥിതിയിതാണെന്നിരിക്കെ കേന്ദ്രം ഇനിയും വായ്പാനുപാതം കൂട്ടുന്നില്ലായെന്ന പ്രചാരണം സ്വന്തം തെറ്റ് മറച്ചുവയ്ക്കാനുള്ള സൂത്രപ്പണിയാണ്.
ഫിനാൻസ് കമ്മീഷൻ നടത്തുന്ന നികുതി പങ്കുവയ്പിൽ കേരളത്തോടുമാത്രം വിവേചനം കാണിച്ചു എന്ന വാദവും അടിസ്ഥാനരഹിതമാണെന്ന് ഡോ. മേരി ജോർജ് പറഞ്ഞു. പ്രിയദർശിനി വനിതാവേദി ചെയർപേഴ്സൺ സുജ എസ്. അധ്യക്ഷത വഹിച്ചു. കൺവീനർ ഗായത്രി ജി., എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എൻ. നവീൻ, ജനറൽ സെക്രട്ടറി ജോസ് മാത്യു, അമ്പിളി തോമസ് എന്നിവർ പ്രസംഗിച്ചു.