ബെസ്റ്റ് എഡ്യുക്കേഷണല്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിക്ക്
1376597
Friday, December 8, 2023 12:04 AM IST
പെരുവന്താനം: കഴിഞ്ഞ കാൽനൂറ്റാണ്ടായി മധ്യ കേരളത്തിലെ വിദ്യഭ്യാസരംഗത്തെ നിറ സന്നിധ്യമായ ഡോ.ആന്റണി ജോസഫ് കല്ലമ്പള്ളിക്ക് ഈ വർഷത്തെ ഡോ. താര്‍സിസ് ജോസഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഐക്കണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. വിദ്യാഭ്യാസ മേഖലയോടൊപ്പം ഗവേഷണ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനയെ പരിഗണിച്ചാണ് അദ്ദേഹത്തെ തേടി അവാർഡ് എത്തിയിരിക്കുന്നത്.
മേലുകാവ് ഹെൻറി ബേക്കറി കോളജിലെ കൊമേഴ്സ് വിഭാഗം മുൻ മേധാവിയായിരുന്ന ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി ഇപ്പോൾ പെരുവന്താനം സെന്റ് ആന്റണീസ് കോളജ് പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിക്കുന്നു. കോളജിന്റെ തുടക്കം മുതലുള്ള അമരക്കാരനായ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെയും സഹപ്രവർത്തകരുടെയും മികച്ച പ്രവർത്തനം കൊണ്ട് നാക്ക് അക്രേഷന്‍ ബിഗ്രേഡും അടുത്തയിടെ കോളജിന് ലഭിച്ചിരുന്നു.
18ന് രാവിലെ 10.30ന് പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ നടക്കുന്ന ചടങ്ങിൽ സീറോ മലബാര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍, ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ചാണ്ടി ഉമ്മൻ എംഎൽഎ, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുധീന്‍, ഫിലിം ആൻഡ് വീഡിയോ പാര്‍ക്ക് ചെയര്മാന് ജോര്‍ജ്കുട്ടി ആഗസ്തി എന്നിവരുടെ സാന്നിധ്യത്തില്‍ അവാർഡ് നല്‍കും.
25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കാലടി സംസ്കൃത സര്‍വ്വകലാശാല മുന്‍ വൈസ്ചാന്സിലര് ഡോ.എം.സി. ദിലിപ്കുമാര്‍, വിവരാവകാശ കമ്മീഷന് മുന്‍ അംഗം ഡോ. കുര്യാസ് കുംമ്പളകുഴി, കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ പരീക്ഷാ കണ്ട്രോളറും പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പളുമായ ഡോ.വി.വി. ജോര്‍ജ്കുട്ടി, ഡോ. താര്‍സിസ് ജോസഫ് എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഡോ. ഡെന്നി തോമസ് എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.