എരുമേലി പേട്ടതുള്ളൽ പാതയിൽ ഭീഷണിയായി പെരുംതേനീച്ചക്കൂട്ടം
1376596
Friday, December 8, 2023 12:04 AM IST
എരുമേലി: അയ്യപ്പ ഭക്തർ പേട്ട തുള്ളൽ നടത്തി നീങ്ങുന്ന ടൗൺ റോഡിൽ അപകടത്തിന് സാധ്യത സൃഷ്ടിച്ച് പെരുംതേനീച്ചക്കൂട്ടം. നിർത്തിപ്പോയ ബാർ ഹോട്ടൽ പ്രവർത്തിച്ചിരുന്ന മഹാരാജാ ഹോട്ടൽ കെട്ടിടത്തിലാണ് വൻ തോതിൽ പെരുംതേനീച്ചകൾ കൂട് കൂട്ടി പാർക്കുന്നത്.
കഴിഞ്ഞ ശബരിമല സീസണുകളിൽ ഇവയെ നീക്കിയതാണ്. ഇത്തവണ ഇതിന് നടപടികൾ സ്വീകരിച്ചിട്ടില്ല. വെയിൽ ചൂടും പക്ഷികളുടെ ഉപദ്രവവുമൊക്കെ തേനീച്ചകൾ കൂട്ടിൽനിന്ന് ഇളകി ആക്രമണകാരിയായി മാറാൻ സാധ്യത ഒരുക്കും. കഴിഞ്ഞ ദിവസം ടൗണിന് സമീപം കാരിത്തോട് ഭാഗത്ത് ദമ്പതികൾക്ക് തേനീച്ചകളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു.
അയ്യപ്പ ഭക്തരുടെയും നാട്ടുകാരുടെയും സുരക്ഷ മുൻനിർത്തി പെരുംതേനീച്ചക്കൂട്ടത്തെ നീക്കണമെന്ന ആവശ്യം ശക്തമാണ്.