പിന്മാറാതെ കാനമലയിൽ കാട്ടാനക്കൂട്ടം, സോളാർവേലി വേണമെന്നു നാട്ടുകാർ
1376593
Friday, December 8, 2023 12:04 AM IST
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിന്റെ ജനവാസ മേഖലകളായ തെക്കേമല, കാനമല, മതന്പ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം 15 ഓളം കാട്ടാനകൾ കൂട്ടമായെത്തി കൃഷികൾ വ്യാപകമായി നശിപ്പിച്ചു. പ്രദേശവാസികൾ ചേർന്ന് ശബ്ദമുണ്ടാക്കി ആനകളെ ജനവാസ മേഖലയിൽ നിന്നു തുരത്തി. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റി.
പിന്മാറാതെ കാട്ടാനക്കൂട്ടം
കഴിഞ്ഞ ഒരു വർഷമായി ടിആർ ആൻഡ് ടി എസ്റ്റേറ്റിന്റെ അതിർത്തി മേഖലകളായ ചെന്നാപ്പാറ, മതന്പ, തെക്കേമല തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. മേഖലയിലെ കർഷകരുടെ കൃഷി വ്യാപകമായിയാണ് കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആനക്കൂട്ടത്തെ വനത്തിലേക്കു കയറ്റി വിടുമെങ്കിലും രണ്ടുദിവസം കഴിയുമ്പോൾ ഇവ വീണ്ടും ജനവാസ മേഖലയിലേക്ക് മടങ്ങിയെത്തുകയാണ് പതിവ്.
തെക്കേമലയിലും ആനശല്യം
ആയിരക്കണക്കിനു കുടുംബങ്ങൾ താമസിക്കുന്ന ജനവാസ മേഖലയാണ് തെക്കേമല. കൂടുതലും ആളുകൾ കൃഷിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. മുൻപ് വന അതിർത്തി മേഖലകളിൽ ആയിരുന്നു കാട്ടാനശല്യമെങ്കിൽ ഇപ്പോൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ വരെ കാട്ടാനകൾ കൂട്ടമായി എത്തിത്തുടങ്ങി.
ആനശല്യം രൂക്ഷമായതോടെ പല കർഷകരും ഇപ്പോൾ കൃഷി പൂർണമായും ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. എന്നാൽ ഇവർക്ക് മറ്റ് ഉപജീവനമാർഗം ഒന്നും ഇല്ലാത്തതു പല കുടുംബങ്ങളെയും ദുരിതത്തിൽ ആക്കുകയാണ്.
സോളാർ വേലികൾ
സ്ഥാപിക്കണം
കാട്ടാന ശല്യം രൂക്ഷമായ മതന്പ, ചെന്നപ്പാറ, തെക്കേമല, കാനമല മേഖലയിൽ സോളാർ വൈദ്യുത വേലികൾ സ്ഥാപിക്കണമെന്ന് ആവശ്യത്തിനു നാളുകളുടെ പഴക്കമുണ്ട്.
മാറിമാറി വരുന്ന അധികാരികൾ വാഗ്ദാനങ്ങൾ നൽകുകയല്ലാതെ ഇവ പാലിക്കുന്നില്ലെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു. കൃഷിയെയും കർഷകരെയും സംരക്ഷിക്കുവാൻ അടിയന്തരമായി ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങാതിരിക്കാൻ വൈദ്യുത വേലി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.