ദേവമാതാ കോളജ് വജ്രജൂബിലിക്ക് ഇന്നു തിരിതെളിയും
1376592
Friday, December 8, 2023 12:04 AM IST
കുറവിലങ്ങാട്: ഒരു ഇടവകസമൂഹത്തിന്റെ കരുത്തിൽ പടുത്തുയർത്തി അനേകായിരങ്ങൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് അവസരം സമ്മാനിച്ച ദേവമാതാ കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തിരി തെളിയും. അധ്യാപക,അനധ്യാപകരെയും വിദ്യാർത്ഥികളെയും മാതാപിതാക്കളെയും ഇടവകജനങ്ങളെയും സാക്ഷിയാക്കി കോളജ് രക്ഷാധികാരിയും പാലാ രൂപതാധ്യക്ഷനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷങ്ങൾക്ക് തിരിതെളിക്കും.
ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാക് സമ്മാനിക്കുന്ന പദവിയിൽ എ++ നേടിയതിന്റെ സന്തോഷം ചേർത്തുനിർത്തിയാണ് വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിടുന്നതെന്ന പ്രത്യേകതയുമുണ്ട്. നാക് പദവിയിൽ ജില്ലയിൽതന്നെ ഒന്നാംനിരയിലെത്തിയാണ് ദേവമാതായുടെ മുന്നേറ്റം.
പാലാ രൂപതാധ്യക്ഷനായിരുന്ന മാർ സെബാസ്റ്റ്യൻ വയലിലിന്റെ അനുഗ്രഹാശംസകളോടെ കുറവിലങ്ങാട് പള്ളി വികാരിയായിരുന്ന ഫാ. പോൾ ആലപ്പാട്ടിന്റെ ദീർഘവീക്ഷണത്തിൽ ഇടവകജനങ്ങളുടെ കരുത്തിലാണ് കോളജ് പിറവിയെടുത്തത്. 1964 ഏപ്രിൽ മൂന്നിനായിരുന്നു കോളജിന്റെ തുടക്കം. ഇടവകദേവാലയത്തിന് സ്വന്തമായി പൊന്നിൻ കുരിശ് വിൽക്കേണ്ടിവന്നാലും ഉന്നതവിദ്യാഭ്യാസത്തിന് അവസരമൊരുക്കണമെന്ന നിശ്ചയദാർഢ്യത്തിലായിരുന്നു അന്നത്തെ ഇടവകസമൂഹം. പിടിയരിയും കോഴിമുട്ടയും കാർഷികാദായ വിഹിതവുമൊക്കെ സമ്മാനിച്ച് കോളജ് നിർമാണത്തോട് ഇടവകജനം പ്രഖ്യാപിച്ച പൂർണപിന്തുണയുടെ ദൃശ്യരൂപമാണ് ഇന്ന് വിദ്യാഭ്യാസലോകത്ത് തലയെടുപ്പോടെ നിൽക്കുന്ന ദേവമാതാ കോളജ്.
വളർച്ചയുടെ വിവിധപടവുകൾ പിന്നിട്ട കോളജ് കേരള, എംജി സർവകലാശാലകളോട് ചേർന്നുനിന്ന് ബിരുദബിരുദാന്തര തലങ്ങളിൽ ഒന്നാംനിരയിലെത്തി. സ്വാശ്രയകോഴ്സുകളുടെ സാധ്യതപ്രയോജനപ്പെടുത്തി പുതുതലമുറ കോഴ്സുകളെ വിദ്യാർഥികളിലെത്തിക്കാനും കോളജ് മാനേജ്മെന്റിന് കഴിഞ്ഞു. റാങ്കുകൾക്കൊപ്പം സംസ്ഥാന,കേന്ദ്രസർക്കാരുകളുടെ വിവിധ അംഗീകാരങ്ങളും പദവികളും കോളജിനെ തേടിയെത്തി.