3000 ഡയാലിസിസുകള്‍ പൂര്‍ത്തിയാക്കി പാലാ ജനറല്‍ ആശുപത്രി
1376553
Thursday, December 7, 2023 11:51 PM IST
പാലാ: കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് വിഭാഗം കുറഞ്ഞ സമയം കൊണ്ട് 3000 ഡയാലിസിസുകള്‍ നടത്തി. സൗജന്യ ഡയാലിസിസുകളാണ് ഇവിടെ നടത്തിയത്. നിര്‍ധനരായ രോഗികളുടെ ആവശ്യപ്രകാരം മൂന്നാം ഷിഫ്റ്റുകൂടി ആരംഭിക്കാന്‍ തീരുമാനിച്ചു.
ഇതിലേക്കായി മൂന്ന് ടെക്നീഷന്മാരെക്കൂടി പുതുതായി നിയമിച്ചു. ഡയാലിസിസ് ആവശ്യമായ രോഗികള്‍ക്ക് പുതിയ രജിസ്ട്രേഷന് ആരംഭിച്ചു.
ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ 3000 ഡയാലിസിസുകള്‍ വിജയകരമായി നടത്തുന്നതിന് പ്രവര്‍ത്തിച്ച ഡോക്ടര്‍മാരെയും ജീവനക്കാരെയും ആശുപത്രി വികസനസമിതിയുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു.
നഗരസഭാധ്യക്ഷ അനുമോദന യോഗവും മൂന്നാം ഷിഫ്റ്റിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷാജു തുരുത്തന്, സൂപ്രണ്ട് ഡോ. എല്‍.ആര്. പ്രശാന്ത്, ഡോ. ഷാനു, ഡോ. നയനാ വിജയ്, ഡോ. എം.അരുണ്‍, ഡോ. രേഷ്മ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജയ്സണ്‍ മാന്തോട്ടം, പീറ്റര്‍ പന്തലാനി, കെ.എസ്. രമേശ് ബാബു, ബിനീഷ് ചൂണ്ടച്ചേരി എന്നിവരും പങ്കെടുത്തു.
ജനറല്‍ ആശുപത്രിയില്‍ വിവിധ വികസന പദ്ധതികള്‍ക്കായി 20 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതായും ഇതിനോടകം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതായും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ അറിയിച്ചു.