ജൂബിലിത്തിരുനാള്‍: മാതാവിന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിച്ചു, പ്രധാന തിരുനാള്‍ ഇന്ന്
1376552
Thursday, December 7, 2023 11:51 PM IST
പാലാ: അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിച്ചതോടെ ജൂബിലി കപ്പേളയിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹം. മാതാവിന്റെ രൂപത്തിങ്കല്‍ നാരങ്ങാമാല ഇടാനും പൂമാലകള്‍ ഇടാനും നേർച്ചകാഴ്ചകള് സമര്‍പ്പിച്ച് പ്രാര്‍ഥിക്കാനുമായി നാനാഭാഗത്തുനിന്നും നിരവധി ഭക്തജനങ്ങളാണ് എത്തുന്നത്. ഇന്നലെ കൊട്ടാരമറ്റത്തുനിന്നും ടൗണ്‍ കപ്പേളയിലേക്ക് ളാലം പുത്തന്‍പള്ളിയുടെയും കത്തീഡ്രല്‍ പള്ളിയുടെയും നേതൃത്വത്തില്‍ പ്രദിക്ഷണം നടന്നു.
പ്രധാന തിരുനാള്‍ ദിനമായ ഇന്ന് രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, എട്ടിന് പാലാ സെന്റ് മേരീസ് സ്കൂളിലെ കുട്ടികള്‍ നടത്തുന്ന മരിയന്‍ റാലി, 9.30 ന് പ്രസുദേന്തി വാഴ്ച എന്നിവ നടക്കും.
പത്തിന് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 11.45 ന് ജൂബിലി സാംസ്കാരികഘോഷയാത്ര, 12.45 ന് സിവൈഎംഎല്‍ സംഘടിപ്പിക്കുന്ന ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം, 1.30 ന് ജൂബിലി കമ്മിറ്റി സംഘടിപ്പിക്കുന്ന ബൈബിള്‍ ടാബ്ലോ മത്സരം എന്നിവ നടക്കും.
വൈകുന്നേരം നാലിന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. ളാലം പഴയപള്ളി ഗ്രോട്ടോ, മാര്ക്ക്റ്റ് ജംഗ്ഷന്, സിവില്‍ സ്റ്റേഷന്, ടിബി റോഡ്, ന്യൂ ബസാര്‍ റോഡ്, കട്ടക്കയം റോഡ്, ളാലം പഴയപാലം ജംഗ്ഷന് എത്തി രാത്രി 7.45ന് പ്രധാന വീഥിയിലൂടെ അമലോത്ഭവ കുരിശുപള്ളിയിലേയ്ക്ക്. 8.45 ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും സമ്മാനദാനവും നടക്കും.
ഫാ. ജോസ് കാക്കല്ലില്‍ കൃതജ്ഞത പറയും. ഒന്‍പതിന് 11.15 ന് മാതാവിന്റെ തിരുസ്വരൂപം കുരിശുപള്ളിയില്‍ പുനഃപ്രതിഷ്ഠിക്കുന്നതോടെ തിരുനാളിനു സമാപനമാകും.