ചേര്‍പ്പുങ്കല്‍ സമാന്തരപാലം അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടപടി
1376551
Thursday, December 7, 2023 11:51 PM IST
പാലാ: ചേര്‍പ്പുങ്കല്‍ സമാന്തര പാലവും അപ്രോച്ച് റോഡ് നിര്‍മാണവും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചതായി എംഎൽഎമാരായ മോന്‍സ് ജോസഫും മാണി സി. കാപ്പനും അറിയിച്ചു.
പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥസംഘത്തോടൊപ്പം സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മീനച്ചിലാറിനു കുറുകെ യാഥാര്‍ഥ്യമാക്കുന്ന ചേര്‍പ്പുങ്കല്‍ സമാന്തരപാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
അവശേഷിക്കുന്ന നിര്‍മാണ ജോലികള്‍ അപ്രോച്ച് റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് പൂര്‍ത്തീകരിക്കാനുള്ളത്. ഇതുസംബന്ധിച്ചു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പാലം നിര്‍മാണ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ള മുളമൂട്ടില്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ എംഎല്‍എമാര്‍ ചര്‍ച്ച നടത്തി. ഇതിനെത്തുടർന്ന് അപ്രോച്ച് റോഡിന്റെ നിര്‍മാണ പ്രവൃത്തികളില്‍ മണ്ണ് നിറയ്ക്കുന്നതും അനുബന്ധ ജോലികളും 31 നകം പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കാന്‍ തീരുമാനമെടുത്തു.
ചേര്‍പ്പുങ്കല്‍ പാലം സംബന്ധിച്ച് പൊതുമരാമത്ത് ഇറക്കിയിരിക്കുന്ന പുതുക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ വിശദാംശങ്ങള്‍ രേഖാമൂലം അക്കൗണ്ടന്റ് ജനറലിനെ അറിയിക്കുന്നതിനു സത്വരനടപടി സ്വീകരിക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പുനല്കിയിട്ടുള്ളതായി എംഎല്‍എമാര്‍ വ്യക്തമാക്കി.
ജനുവരി മാസത്തില്‍ ടാറിംഗ് ജോലികള്‍ നടത്തുവാന്‍ കഴിയുന്ന വിധത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി.