മാതൃകാ കർഷകർക്ക് അവഗണന
1376549
Thursday, December 7, 2023 11:51 PM IST
കോട്ടയം: സാന്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സംസ്ഥാന സർക്കാർ നാടിനെ തീറ്റിപ്പോറ്റുന്ന കർഷകരെയും അവഗണിക്കുന്നു. ജില്ലാ തലത്തിൽ മികച്ച കർഷകരെയും കർഷക കൂട്ടായ്മകളെയും അനുമോദിക്കാൻപോലും തയാറാകാതെ കൃഷിവകുപ്പ്. സർക്കാർ ഫണ്ട് അനുവദിച്ചില്ലെന്ന കാരണത്താലാണ് കർഷകരെ വകുപ്പ് അവഹേളിച്ചിരിക്കുന്നത്.
മാതൃകാ കർഷകൻ, മാതൃകാ കർഷക തൊഴിലാളി, മികച്ച കൃഷി സംരംഭകൻ, മാതൃകാ സ്കൂൾ തുടങ്ങി ഇരുപത് വിഭാഗങ്ങളിൽ പുരസ്കാരത്തിന് അർഹരായവരെ കൃഷിവകുപ്പ് കണ്ടെത്തിയിരുന്നു. കൃഷി ഓഫീസർമാർ ഫീൽഡ്തല പരിശോധനകൾ നടത്തിയാണ് പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്. അർഹരായവരെ വിവരം ധരിപ്പിക്കുകയും ചെയ്തു.
എന്നാൽ നാളിതുവരെ ഇവരെ അനുമോദിക്കാൻ യോഗംപോലും വിളിക്കാൻ ജില്ലാ കൃഷിവകുപ്പ് തയാറായില്ല. പച്ചക്കറി കൃഷിക്ക് ഓണത്തിന് നൽകിവന്നിരുന്ന സബ്സിഡിയും കൃഷിവകുപ്പ് ഇത്തവണ നിർത്തലാക്കി. പന്തലിട്ട് കൃഷി ചെയ്യുന്ന പച്ചക്കറിക്ക് ഹെക്ടർ ഒന്നിന് 25,000 രൂപയും പന്തലില്ലാത്തതിന് 20,000 രൂപയും സബ്സിഡി നൽകിയിരുന്നു. ഫണ്ടില്ലാത്ത കാരണത്താൽ ഇത് നിർത്തലാക്കിയിരിക്കുകയാണ്. മാതൃകാ കർഷകരെ അനുമോദിക്കുന്നതിൽ കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നുവന്ന വീഴ്ച കർഷകരോടുള്ള അവഗണനായാണെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.