നവകേരള സദസ് വേദിയിലേക്ക് വഴിയൊരുക്കാൻ സർക്കാർ അതിഥിമന്ദിരത്തിന്റെ മതിൽ പൊളിച്ചു
1376547
Thursday, December 7, 2023 11:51 PM IST
വൈക്കം: നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സർക്കാർ അതിഥി മന്ദിരത്തിന്റെ മതിൽ പൊളിച്ചുനീക്കുന്നു.
വൈക്കം കായലോരത്തെ സർക്കാർ അതിഥിമന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഭാഗമാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തിൽ നീക്കുന്നത്.
കായലോര ബീച്ചിലേക്കുള്ള വഴിയിൽ കെടിഡിസിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സർക്കാർ അതിഥി മന്ദിരത്തിന്റെ മതിൽ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതർ തീരുമാനിച്ചത്. പിന്നീട് മതിൽ പുനർനിർമിക്കുമ്പോൾ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാൽ ഭാവിയിൽ ബീച്ചിൽ നടക്കുന്ന വലിയ സമ്മേളനങ്ങളിൽ വിഐപികൾ വന്നാൽ ഗേറ്റുതുറന്ന് വാഹനങ്ങൾ കടത്തിവിടാനാകും.
നവകേരള സദസിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്കൂളായിരുന്നു.
ജനങ്ങൾ കൂടുതലായി എത്തുന്നതും സുരക്ഷാകാര്യങ്ങളും മുൻനിർത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നൽകാതിരുന്നതോടെ കായലോര ബീച്ചിൽ നവകേരള സദസിനു വേദിയൊരുക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
14ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്.