ഇറച്ചിക്കോഴിവിലയില്‍ ഇടിവ്; കർഷകർ പ്രതിസന്ധിയിൽ
1376546
Thursday, December 7, 2023 11:51 PM IST
കോട്ടയം: ക്രിസ്മസ്-പുതുവത്സര വിപണി ലക്ഷ്യമിട്ട് കോഴിവിലയില്‍ കൃത്രിമ ഇടിവ്. വില കുത്തനെ ഇടിഞ്ഞതോടെ കോഴി കര്‍ഷകര്‍ പ്രതിസന്ധിയിലായി. സീസണില്‍ 160-170 രൂപയിലാണ് വ്യാപാരം നടന്നിരുന്നതെങ്കില്‍ നിലവില്‍ കിലോയ്ക്ക് 85-90 രൂപ മാത്രമാണ് കോഴി വില. കര്ഷകന് ലഭിക്കുന്നത് കിലോയ്ക്ക് 70 രൂപയും. ഉത്പാദനച്ചെലവുപോലും കിട്ടാത്തതിനാല്‍ കര്‍ഷകര്‍ കോഴിവളര്‍ത്തല്‍ ഉപേക്ഷിക്കുന്ന സാഹചര്യമാണ്. കോഴിയുടെ വിലയിടിഞ്ഞിട്ടും കോഴിക്കുഞ്ഞിന്റെ വില മുകളിലേക്കാണെന്നും കര്‍ഷകര്‍ പറയുന്നു. കോഴിക്കുഞ്ഞിന് 48 രൂപയും ഒരുകിലോ കോഴിത്തീറ്റക്ക് 44 രൂപയും ഉള്‍പ്പെടെ 92 രൂപയാണ് ഉത്പാദനചെലവ്.
നഷ്ടം കാരണം കര്‍ഷകര്‍ ക്രിസ്മസ്-പുതുവത്സര വിപണി ലക്ഷ്യമിട്ടുള്ള കോഴിവളര്‍ത്തല്‍ നിര്‍ത്തിയിരിക്കുകയാണ്. ഇതോടെ വിപണിയില്‍ കോഴി ക്ഷാമം അനുഭവപ്പെടും. വരാനിരിക്കുന്ന ക്രിസ്മസ്-പുതുവത്സരം ആഘോഷങ്ങളില്‍ കോഴി കിട്ടാതെ വരുന്നതോടെ ഉയര്‍ന്നവിലയ്ക്ക് വിറ്റഴിക്കാനുള്ള തന്ത്രമാണ് വിലയിടിക്കലിന് പിന്നിലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഒരുകോഴിയെ പരിപാലിക്കുന്നത് 40-45 ദിവസമാണ്. കോഴിക്കുഞ്ഞിന് 48 രൂപയാണു വില. ഒരുകിലോ തീറ്റയ്ക്ക് 44 രൂപയും. ഇതിന് പുറമേ വൈദ്യുതി, വെള്ളം, നികുതി അടക്കമുള്ള ചെലവുകള്‍ വേറെയും. 1,000 കോഴിയെ വളര്‍ത്തിയാല്‍ കിട്ടുന്നത് 900 എണ്ണമാകും. വളരുന്ന ഘട്ടത്തില്‍ അസുഖങ്ങള്‍ പിടിപെട്ട് ചത്തുപോകുന്നതും പതിവാണ്. വളര്‍ച്ചയെത്തിയ ഒരു കോഴിക്ക് കര്‍ഷകനു പരമാവധി കിട്ടുന്നത് 65-70 രൂപയാണ്. കോഴികളുടെ എണ്ണം കൂടുമ്പോള്‍ നഷ്ടത്തിന്റെ കണക്കും വര്‍ധിക്കും.
കോഴിവില കുത്തനെ ഇടിയുമ്പോഴും വില നിശ്ചയിക്കുന്നത് തമിഴ്നാട് ലോബിയാണ്. പ്രതിദിനം കേരളത്തില്‍ 2,200 ടണ്‍ കോഴിയിറച്ചിയാണ് വേണ്ടത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലാണു കൂടുതല്‍ ഉപയോഗമുള്ളത്. കോട്ടയത്ത് ഒരുലക്ഷം കിലോ പ്രതിദിനം വേണമെന്നാണു കണക്ക്. കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനം കൂടുതലായും തമിഴ്നാട്ടിലാണ്. അതിനാല്‍ കുഞ്ഞിന്റെയും തീറ്റയുടെയും വില നിയന്ത്രിക്കുന്നത് തമിഴ്നാട് ലോബിയാണ്. ഫാമുകളില്‍ സീസണ് ആരംഭിക്കുമ്പോള്‍ കേരളത്തിലേക്ക് കുറഞ്ഞ വിലയ്ക്ക് കോഴികളെ എത്തിക്കും.
വിലയിടിവില്‍ നട്ടംതിരിയുന്ന കര്‍ഷകരെ സംരക്ഷിക്കാന്‍ ഇറച്ചിക്കോഴിക്ക് സര്‍ക്കാര്‍ തറവില പ്രഖ്യാപിക്കണം. വന്‍കിട ലോബികള്‍ തീരുമാനിക്കുന്ന വിലനിയന്ത്രണമാണ് കര്‍ഷകര്‍ക്ക് തിരിച്ചയാകുന്നതെന്ന് ഓള് കേരള പൗള്‍ട്രി ഫെഡറേഷന് പറയുന്നു.
കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞിട്ടും ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് പൊള്ളുന്ന വിലതന്നെ. നിലവില്‍ ഒരു കിലോ കോഴിയിറച്ചിക്ക് 85 രൂപയായി മാറിയിട്ടും ചിക്കന്‍ വില 160 ല്‍ എത്തിയപ്പോള്‍ കൂട്ടിയ നിരക്ക് തന്നെയാണ് ഹോട്ടലുകള്‍ തുടരുന്നത്.