കടുത്തുരുത്തിയില്‍ ബസ് സ്റ്റാന്‍ഡ് വേണം
1376506
Thursday, December 7, 2023 3:01 AM IST
കടുത്തുരുത്തി: കടുത്തുരുത്തിയില്‍ ബസ് സ്റ്റാന്‍ഡ് വേണമെന്ന ആവശ്യം നടപ്പാകുമോ ?.. കടുത്തുരുത്തി വലിയപാലത്തില്‍ ബസ് ബേ നിര്‍മിക്കാനായാല്‍ ഈ പ്രശനത്തിന് പരിഹാരമാവുമെന്നാണ് കണക്ക് കൂട്ടല്‍. ഏറ്റുമാനൂര്‍ - എറണാകുളം റൂട്ടിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ കടുത്തുരുത്തിയില്‍ ബസ് സ്റ്റാന്ഡില്ലാത്തതു മൂലം ബസ് ജീവനക്കാരും യാത്രക്കാരുമെല്ലാം ഏറെ ബുന്ധിമുട്ടുകള്‍ നേരിടുന്നു.
നിന്നുതിരിയാന്‍ ഇടമില്ലാത്ത കടുത്തുരുത്തി ടൗണില്‍ റോഡരികില്‍ തന്നെ ബസുകള്‍ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. ഇതുമൂലം പലപ്പോഴും ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ കോട്ടയം, എറണാകുളം ഭാഗങ്ങളിലേക്കു വാഹനങ്ങള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കുന്നത് റോഡിന്റെ ഇരുവശത്തായിട്ടാണ്. ഇതുമൂലമുണ്ടാകുന്ന ഗതാഗത പ്രശ്നങ്ങള്‍ രൂക്ഷമാണ്.
പലപ്പോഴും ടൗണില്‍ ട്രാഫിക് ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡ് ഏറേ പണിപ്പെട്ടാണ് ഇവിടത്തെ കുരുക്കഴിക്കുന്നത്. ഇതിനിടെ ഞീഴൂര്‍, കുറവിലങ്ങാട് ഭാഗത്തേക്ക് കടന്നുപോകുന്ന വാഹനങ്ങള്‍ തിരിയുന്നതും സെന്‍ട്രല്‍ ജംഗ്ഷനില്‍ തന്നെയാണ് ഈ ഭാഗത്തും ഏറെ ഗതാഗത പ്രശ്നങ്ങള്‍ പതിവായി ഉണ്ടാകാറുണ്ട്.
കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനയാത്രക്കാര്‍ക്കും ഇതു ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. വൈക്കം ഭാഗത്തക്കുള്ള യാത്രക്കാര്‍ക്ക് സെന്‍ട്രല്‍ ജംഗ്ഷനിലും ഗവണ്മെന്റ് സ്കൂളിന് സമീപത്തുമായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുണ്ടെങ്കിലും കോട്ടയം ഭാഗത്തേക്ക് മാര്‍ക്കറ്റ് ജംഗ്ഷനില്‍ മാത്രമാണ് ബസ് കാത്തിരിപ്പ് കേന്ദ്രമുള്ളത്.
സെന്‍ട്രല്‍ ജംഗ്ഷനിലും ഞീഴൂര്‍ റോഡിലും ബസ് കാത്തുനില്‍ക്കുന്നത് റോഡിലും കടകളുടെ മുന്നിലുമാണ്. ഇതുമൂലം വിദ്യാര്‍ഥികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവര്‍ മഴയും വെയിലും കൊണ്ടു വേണം ബസ് കാത്തുനില്ക്കാന്. ഇതിനൊപ്പം അനധികൃത വാഹനപാര്‍ക്കിംഗും ടൗണില്‍ ഏറേ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ പാര്‍ക്കിംഗിന് അനുയോജ്യമായ മറ്റു സൗകര്യങ്ങളില്ലെന്നതും യാഥാര്‍ഥ്യമാണ്.