ഈ റോഡുകൾ ശരിയാകാൻ ഇനിയെന്തു ചെയ്യണം?
1376505
Thursday, December 7, 2023 3:01 AM IST
കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പിനു കീഴില്‍ തകര്‍ന്നുകിടക്കുന്ന നാട്ടിലെ റോഡുകള്‍ നന്നാക്കാന്‍ എന്താണ് മാര്‍ഗമെന്ന അന്വേഷണത്തിലാണ് യാത്രക്കാരും നാട്ടുകാരും. അധികൃതരോട് പലവട്ടം പരാതി പറഞ്ഞിട്ടും പരിഹാരമില്ലാതായതോടെ എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ജനങ്ങള്‍.
ആലപ്പുഴ - കുറവിലങ്ങാട് മിനി ഹൈവേയില്‍ ഉള്‍പ്പെടുന്ന കുറുപ്പന്തറ - കല്ലറ റോഡ്, കുമരകം - കമ്പം സംസ്ഥാനപാത - 42ല്‍ വരുന്ന ആയാംകുടി - കല്ലറ റോഡ്, കടുത്തുരുത്തി ടൗണ്‍ - തളിയില്‍ മഹാദേവക്ഷേത്രം - ഗോവിന്ദപുരം - കുന്നശേരിക്കാവ് - മുട്ടുചിറ ഹോസ്പിറ്റല്‍ റോഡ്, കുറുപ്പന്തറ - മാഞ്ഞൂര്‍ സൗത്ത് റോഡു കൾ തകര്‍ന്നു കിടക്കുകയാണ്. കടുത്തുരുത്തി - പിറവം റോഡിലെ കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലം വരെയുള്ള ഭാഗം റോഡ് നിര്‍മാണത്തിനായി പൊളിച്ചിട്ടിട്ട് മാസങ്ങളായി.
കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയാണ് ഇത്തരത്തില്‍ പലയിടത്തും കുണ്ടംകുഴിയുമായി തകര്‍ന്നു കിടക്കുന്നത്. ചില സ്ഥലങ്ങളില്‍ നാട്ടുകാരും ജനപ്രതിനിധികളും വ്യാപാരികളുമെല്ലാം മുന്‍കൈയെടുത്ത് റോഡുകള്‍ നന്നാക്കുന്ന സ്ഥതിയുമുണ്ടായി.
കടുത്തുരുത്തി - വൈക്കം മണ്ഡലങ്ങളെ ബന്ധിപ്പിച്ച് ഉന്നതനിലവാരത്തില്‍ 117 കോടി രൂപ വിനിയോഗിച്ച് നടത്തുന്ന റോഡ് വികസനം നിലച്ചിട്ട് മാസങ്ങളായി. മുട്ടുചിറ - ആയാംകുടി - എഴുമാന്തുരുത്ത് - വടയാര്‍ - കല്ലാട്ടിപ്പുറം, ചന്തപ്പാലം - വെള്ളൂര്‍ - മുളക്കുളം വരെയുള്ള 22.4 കിലോമീറ്റര്‍ ദൂരം വരുന്ന കെഎസ്ടിപി റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നത്.
കരാറുകാരൻ ചെയ്ത ജോലിയുടെ പാര്‍ട്ട് ബില്ല് പോലും നല്കാത്തതുമൂലം സാമ്പത്തിക പ്രതിസന്ധിയിലായതും നിര്‍മാണം മുടങ്ങാന്‍ കാരണമായി. മുട്ടുചിറ മുതല്‍ ആയാംകുടി വരെയുള്ള ഭാഗത്തെ കുഴികളെങ്കിലും അടച്ചാൽ റോഡിലൂടെ സുരക്ഷിതമായി സഞ്ചരിക്കാനാകുമെന്ന് ഇതുവഴി പോകുന്ന യാത്രക്കാർ പറയുന്നു.