ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്ക് സുരേഷ് കുറുപ്പിന്റെ നിർദേശങ്ങൾ ചർച്ചയാകുന്നു
1376502
Thursday, December 7, 2023 3:01 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ ഫ്ലൈഓവർ എന്നതുൾപ്പെടെ മുൻ എംഎൽഎ അഡ്വ. കെ. സുരേഷ് കുറുപ്പ് മുന്നോട്ടുവച്ച നിർദേശങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. ഏറ്റുമാനൂരിന്റെ വികസനം ലക്ഷ്യമിട്ട് രൂപവത്കരിച്ച ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ശ്രദ്ധേയമായ നിർദേശങ്ങൾ മുന്നോട്ടുവച്ചത്.
ഫ്ലൈഓവർ
ഏറ്റുമാനൂരിൽ ഫ്ലൈഓവർ അനിവാര്യമാണ്. ഫ്ലൈഓവർ വന്നാൽ വ്യാപാര നഷ്ടം ഉണ്ടാകുമെന്ന വ്യാപാരികളുടെ ആശങ്ക അസ്ഥാനത്താണെന്ന് സുരേഷ് കുറുപ്പ് പറഞ്ഞു. ഗതാഗതക്കുരുക്ക് പരിപൂർണമായി ഒഴിവാക്കാൻ കഴിയുന്ന ഫ്ലൈ ഓവറിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണം. കെഎസ്ടിടിപിയുടെ കൈവശമുള്ള ഏക്കർ കണക്കിന് ഭൂമി തിരികെ പിടിച്ച് നഗരവികസനത്തിന് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമാന്തര റോഡ്
പഴയ നാഗമ്പടം പാലം മുതൽ ഏറ്റുമാനൂർ വരെ സമാന്തര റോഡ് നിർമിക്കണമെന്നതാണ് സുരേഷ് കുറുപ്പിന്റെ രണ്ടാമത്തെ നിർദേശം. നാഗമ്പടം മുതൽ സംക്രാന്തി വരെ സ്ഥലം ഏറ്റെടുത്ത് നിർമിക്കുന്ന റോഡ് സംക്രാന്തിയിൽ പഴയ എംസി റോഡുമായി ബന്ധിപ്പിക്കണം. പഴയ എംസി റോഡ് വീതി കൂട്ടണം. പഴയ എംസി റോഡിൽ ചുരുക്കം സ്ഥലങ്ങളൊഴികെ വീതി കൂട്ടൽ എളുപ്പമാണ്. ഈ സമാന്തര റോഡിന്റെ പ്രായോഗികത സംബന്ധിച്ച് പഠനം നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
സ്റ്റേഡിയം, പാർക്ക്
പാലാ റോഡിൽ ഇലക്ട്രിസിറ്റി ബോർഡിന്റെ കൈവശമുള്ള നാലര ഏക്കർ ഭൂമി മുനിസിപ്പാലിറ്റിക്ക് കൈമാറി സ്റ്റേഡിയം, പാർക്ക് എന്നിവ സ്ഥാപിക്കണമെന്നും സുരേഷ് കുറുപ്പ് പറഞ്ഞു.
പ്രമേയങ്ങൾ അംഗീകരിച്ചു
നീണ്ടൂർ റോഡിൽനിന്ന് ആരംഭിച്ച് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അവസാനിക്കുന്ന 550 മീറ്റർ ഫ്ലൈ ഓവർ നിർമ്മിക്കുക, ഗേൾസ് ഹൈസ്കൂൾ മിക്സഡ് ആക്കുക, പോലീസ് സ്റ്റേഷൻ ബോയ്സ് ഹൈസ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക, ഈ ഇവിടെ തന്നെ ഫയർ സ്റ്റേഷനും ആരംഭിക്കുക, പാലാ റോഡിൽ മങ്കര ജംഗ്ഷനിൽ ഉള്ള ഇലക്ട്രിസിറ്റി ബോർഡ് വക നാലര ഏക്കർ സ്ഥലത്ത് ഫുട്ബോൾ കോർട്ടും ബാഡ്മിന്റൺ കോർട്ടും ഇൻഡോർ സ്റ്റേഡിയവും നിർമിക്കുക, അതിനാവശ്യമായ ഫണ്ട് രാജീവ് ഗാന്ധി അഭയാൻ പദ്ധതി പ്രകാരം ലഭിക്കുവാനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിക്കുന്ന പ്രമേയങ്ങൾ യോഗം അംഗീകരിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ സ്റ്റീഫൻ ജോർജ് ആമുഖ പ്രസംഗം നടത്തി. ലതിക സുഭാഷ്, സീനിയർ സിറ്റിസൺസ് സംസ്ഥാന പ്രസിഡന്റ് എൻ. അരവിന്ദാക്ഷൻ നായർ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ, അജാസ് വടക്കേടം, ജോയി പൂവംനിൽക്കുന്നതിൽ, മോഹൻകുമാർ മംഗലത്ത്, ഇക്ബാൽ പിഎംഎച്ച്, പ്രിയ ബിജോയ്, രാജു ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.