വിമലഗിരി കത്തീഡ്രലിലെ തിരുനാൾ പട്ടണപ്രദക്ഷിണവും നടതുറക്കലും ഇന്ന്
1376501
Thursday, December 7, 2023 3:01 AM IST
കോട്ടയം: വിമലഗിരി കത്തീഡ്രലിലെ അമലോത്ഭവത്തിരുനാളിനോടനുബന്ധിച്ചുള്ള പട്ടണ പ്രദക്ഷിണവും നടതുറക്കലും ഇന്ന് നടക്കും. വൈകുന്നേരം 5.30നു വികാരി ജനറാള്‍ മോണ്‍. ജസ്റ്റിന് മഠത്തിപ്പറമ്പില്‍ മുഖ്യകാര്‍മികനായി സമൂഹബലി അര്‍പ്പിക്കും. എപ്പിസ്കോപ്പല്‍ വികാരി മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ വചനപ്രഘോഷണം നടത്തും.
തുടര്‍ന്ന് നൊവേനയ്ക്കുശേഷം 7.30നു പട്ടണ പ്രദക്ഷിണം ആരംഭിക്കും. ബിഷപ് സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ നയിക്കുന്ന തിരുസ്വരൂപ പ്രദക്ഷിണം എആര്‍ ക്യാമ്പ്, അഭയഭവന്, റബര്‍ ബോര്‍ഡ് ജംഗ്ഷന്, മുള്ളന്‍കുഴി, എലിപ്പുലിക്കാട്ടുകടവ് വഴി തിരികെ പള്ളിയിലെത്തും. തുടര്‍ന്ന് ദിവ്യകാരുണ്യാശീര്‍വാദം.
ഒന്‍പതിന് അള്‍ത്താരയ്ക്കു മുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വിമലഗിരി മാതാവിന്റെ തിരുസ്വരൂപം വണങ്ങുന്നതിനുള്ള നട തുറക്കും. എട്ടിനു രാത്രി 12 വരെ തിരുസ്വരൂപം ഭക്തര്‍ക്ക് വണങ്ങുവാന് അവസരമുണ്ടായിരിക്കും. സമാപനദിനമായ നാളെ രാവിലെ ഏഴിന് ദിവ്യബലി. ഒന്പതിനു ഗ്രിഗോറിയന്‍ ഗാനാലാപനക്രമത്തില് കുമിളി ആനവിലാസം ഉത്ഥാനാശ്രമം സുപ്പീരിയര്‍ ഫാ. ലോറന്സ്ബുദ്ധ ദിവ്യബലിയര്‍പ്പിക്കും.
രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന പദയാത്രകള്‍ ഉച്ചയ്ക്ക് 12നു കോട്ടയം നല്ലയിടയന് ദേവാലയത്തില്‍ സംഗമിക്കും. തുടര്‍ന്ന് നേര്‍ച്ച സദ്യയ്ക്കുശേഷം ഉച്ചകഴിഞ്ഞ് 1.30നു മരിയൻ റാലിയായി തീര്‍ഥാടകര്‍ ഫാ. ജോസ്ലിന് പീടിയേക്കലിന്റെ നേതൃത്വത്തില്‍ വിമലഗിരികത്തീഡ്രലിലേക്കു പുറപ്പെടും.
2.30ന് രൂപതയിലെ എല്ലാ വൈദികരും സഹകാര്‍മികരാകുന്ന ആഘോഷമായ തിരുനാള്‍ പൊന്തിഫിക്കല്‍ സമൂഹബലിക്ക് വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യാശീര്‍വാദം. എട്ടാമിട ആഘോഷങ്ങള്‍ 18 വരെ. വൈകുന്നേരം ഏഴിനു കൊടിയിറക്കത്തോടെ തിരുനാള്‍ സമാപിക്കും.