ജില്ലാ കളക്ടറുടെ ഇടപെടല്‍; ജോസിമോള്‍ക്ക് ആധാറായി
1376340
Wednesday, December 6, 2023 11:45 PM IST
കുമരകം: കൈവിരലുകള്‍ ഇല്ലാത്തതിനാല്‍ ആധാര്‍ ലഭിക്കാതിരുന്ന ഭിന്നശേഷിക്കാരി ജോസിമോള്‍ക്ക് ആധാര്‍ ലഭിച്ചു. ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയുടെ ഇടപെടലിലാണ് ആധാര്‍ ലഭിക്കുന്നതിന് വഴിയൊരുങ്ങിയത്. കുമരകം പഞ്ചായത്തിലെ 16-ാം വാര്‍ഡിലെ താമസക്കാരിയാണ് നാല്‍പ്പത്തിമൂന്നുകാരിയായ ജോസിമോള്‍.
അപൂര്‍വ രോഗംബാധിച്ച ജോസിമോള്‍ക്ക് രണ്ട് കൈകളിലും കാലുകളിലും വിരലുകള്‍ ഭാഗികമാണ്. സ്വയം തിരിഞ്ഞുകിടക്കുന്നതിനു പോലും കഴിയാത്ത അവസ്ഥയിലാണ്. കൈവിരലുകളിലെ അടയാളം ലഭിക്കാത്തതും കണ്ണിലെ ഐറിസ് വ്യക്തമായി ലഭിക്കാത്തതും ആധാര്‍ കാര്‍ഡ് ലഭിക്കുന്നതില്‍ വിനയാവുകയായിരുന്നു.
ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള നിരവധി ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയും റേഷന്‍ കാര്‍ഡില്‍ നിന്നുള്‍പ്പെടെ പേര് നഷ്ടപ്പെടുകയും ചെയ്തു.
ഇതറിഞ്ഞാണ് ജില്ലാ കളക്ടര്‍ ഇടപെട്ടത്. കളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ അക്ഷയ ഓഫീസും ഐടി മിഷനും ചേര്‍ന്ന് സംസ്ഥാന യുഐഡിഐ ഡയറക്ടറെ സമീപിച്ച് നടപടി സ്വീകരിക്കുകയായിരുന്നു.
ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണിന്റെ നിര്‍ദേശപ്രകാരം പ്രത്യേക കേസായി പരിഗണിച്ച് ആധാര്‍ ജനറേറ്റ് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുകയായിരുന്നു. അസല്‍ ആധാര്‍ ദിവസങ്ങള്‍ക്കകം ജോസിമോളുടെ വീട്ടിലെത്തും. കോട്ടയം കളക്ടറേറ്റിന് സമീപമുള്ള അക്ഷയ ജീവനക്കാരാണ് ജോസിമോളുടെ വീട്ടിലെത്തി ആധാര്‍ എടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചത്.