എരുമേലി വിമാനത്താവളം: അതിര്‍ത്തിനിർണയ സര്‍വേ പുരോഗമിക്കുന്നു
1376339
Wednesday, December 6, 2023 11:45 PM IST
എരുമേലി: നിർദിഷ്ട വിമാനത്താവള പദ്ധതിയുടെ സ്ഥലമെടുപ്പിന്റെ മുന്നോടിയായി അതിര്‍ത്തി നിർണയ സര്‍വേ പുരോഗമിക്കുന്നു. അതിര്‍ത്തികൾ നിർണയിച്ച് താത്കാലിക കുറ്റികൾ സ്ഥാപിച്ചു തുടങ്ങി. പദ്ധതിക്കായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് എരുമേലി തെക്ക് വില്ലേജില്‍ അതിർത്തി നിർണയ ഭാഗമായി 55 പോയിന്റുകളാണ് നിർണയിച്ചിരിക്കുന്നത്.
ചെറുവള്ളി എസ്റ്റേറ്റില്‍ 1212 പോയിന്റും മണിമല വില്ലേജില്‍ 50ൽ താഴെ പോയിന്റുമാണുള്ളത്. കുറ്റികൾ സ്ഥാപിച്ചു പൂര്‍ത്തിയായ ശേഷം ഇരുമ്പ് പൈപ്പിന്റെ കുറ്റി സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പദ്ധതിക്കായി നേരത്തെ തയാറാക്കിയ പ്ലാന്‍ അനുസരിച്ചുള്ള സാറ്റലൈറ്റ് സർവേ പ്രകാരമാണ് അതിർത്തി നിർണയം. വിമാനത്താവളത്തിന്റെ പ്രവേശന കവാടമായി ഉദ്ദേശിക്കുന്ന എരുമേലി ലക്ഷം വീട് – ഓരുങ്കല്‍ കടവ് റോഡിലാണ് കിഴക്കുഭാഗത്ത് സിഗ്നൽ ലൈറ്റ് വരുന്നത്. ഓരോ പോയിന്റും മാര്‍ക്ക് ചെയ്ത് നേരത്തെ തയാറാക്കിയിട്ടുള്ള സ്കെച്ചിലെ പോയിന്റുമായി ബന്ധിപ്പിച്ചാണ് സര്‍വേ നടത്തുന്നത്.
രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമമെന്നും അധികൃതര്‍ പറഞ്ഞു. നിര്‍ദിഷ്ട പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് 11 (1) നോട്ടിഫിക്കേഷന്‍ നടപടിക്ക് ശേഷമാകും അന്തിമ തീരുമാനം.