സര്‍ക്കാര്‍ കാശുകൊടുത്തില്ല; റബര്‍ സബ്സിഡി വെബ്സൈറ്റ് പണിമുടക്കി
1376338
Wednesday, December 6, 2023 11:45 PM IST
കോട്ടയം: സര്‍ക്കാരിന്റെ റബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ കര്‍ഷകര്‍ക്ക് സബ്സിഡി ലഭിക്കാന്‍ ബില്ലുകളും മറ്റ് രേഖകളും അപ്ലോഡ് ചെയ്യാനുള്ള വെബ്സൈറ്റ് പണിമുടക്കി.
ഇതിനായി ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാക്കിയിരുന്ന സ്വകാര്യ പോര്‍ട്ടലിന് സംസ്ഥാന സര്‍ക്കാര്‍ കരാറുറപ്പിച്ചിരുന്ന തുക നല്‍കാതെ വന്നതാണ് അനിശ്ചിതത്വത്തിനു കാരണമായതെന്ന് പറയുന്നു. ഭീമമായ തുക ഈ സ്ഥാപനത്തിന് നല്‍കാനുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ഈ വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമായെങ്കിലും നെറ്റ് കണക്ഷന് വേഗം കുറവായിരുന്നു.
പദ്ധതിയുടെ തുടക്കംമുതല്‍ കഴിഞ്ഞ ഒന്‍പതുവര്‍ഷമായി റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഇതേ സൈറ്റിലായിരുന്നു സബ്സിഡിക്ക് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്തിരുന്നത്.
കര്‍ഷകരെ അപ്ലോഡിംഗില്‍ സഹായിച്ചുകൊണ്ടിരുന്ന ആര്‍പിഎസുകള്‍ അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. റബര്‍ ബോര്‍ഡ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതോടെ റബര്‍തോട്ടം പരശോധന, സബ്സിഡി ബില്ലുകളുടെ പരിശോധന തുടങ്ങി എല്ലാ ജോലികളും മുടങ്ങിയിരിക്കുന്നു.
റീജണല്‍ ഓഫീസുകളില്‍ പലതും അടച്ചുപൂട്ടിയതിനു പിന്നാലെ ജില്ലയില്‍ ആറ് ഫീല്‍ഡ് ഓഫീസര്‍മാര്‍ മാത്രമേയുള്ളു.
പുതിയ അപേക്ഷകൾ വേണ്ടെന്ന്
കോട്ടയം: റബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ ഇനി പുതിയ അപേക്ഷകൾ വേണ്ടെന്ന് സര്‍ക്കാര്‍ നിലപാട്. മേയില്‍ തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്ന രജിസ്ടേഷന് നവംബര്‍ ഒന്നിന് തുടങ്ങി 30ന് അവസാനിപ്പിച്ചു. നിലവില്‍ സംസ്ഥാനത്ത് നാലു ലക്ഷത്തിലേറെ കര്‍ഷകര്‍ കിലോയ്ക്ക് 175 രൂപ ഉറപ്പാക്കുന്ന സഹായ പദ്ധതിയില്‍ അംഗങ്ങളാണ്.
പദ്ധതിയിലേക്ക് ഓരോ ബജറ്റിലും 500 കോടി രൂപ വകയിരുത്താറുണ്ടെങ്കിലും 200 കോടിയില്‍ കൂടുതല്‍ തുക സര്‍ക്കാര്‍ ഏറെ വര്‍ഷങ്ങളിലും കര്‍ഷകര്‍ക്ക് കൊടുക്കാറില്ല. ബാങ്ക് അക്കൗണ്ടുകളിലൂടെയുള്ള സബ്സിഡി വിതരണം പരമാവധി വൈകിക്കുന്ന സാഹചര്യത്തില്‍ പുതിയ അപേക്ഷകര്‍ പദ്ധതിയുടെ പ്രയോജകരാകാന്‍ മുന്നോട്ടുവരാറില്ല. നിലവില്‍ ആറു മാസം മുന്‍പ് രേഖകള്‍ സമര്‍പ്പിച്ച കര്‍ഷകര്‍ സബ്സിഡിക്കായി കാത്തിരിക്കുകയാണ്.
ഒരിക്കല്‍ കരം അടച്ച രസീത് മുന്‍പ് രണ്ടു വര്‍ഷത്തെ സബ്സിഡി അപേക്ഷകളില്‍ പരിഗണിച്ചിരുന്നു. നിലവില്‍ വരുംവര്‍ഷത്തെ കരം അടച്ച രസീതുകൂടി അപ്ലോഡ് ചെയ്യാതെ സബ്സിഡി രേഖകള്‍ അപ്ലോഡ് ചെയ്യാനാവില്ല.