ക്രിസ്മസ്-പുതുവത്സര സമ്മാനമായി കോട്ടയം പാസ്പോര്‍ട്ട് സേവാകേന്ദ്രം വീണ്ടും പ്രവര്‍ത്തനമാരംഭിക്കും
1376337
Wednesday, December 6, 2023 11:45 PM IST
കോട്ടയം: ക്രിസ്മസ്-പുതുവത്സര സമ്മാനമായി കോട്ടയം പാസ്പോര്‍ട്ട് സേവാകേന്ദ്രം വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. ഇതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. കോട്ടയം റെസ്റ്റ് ഹൗസിന് സമീപം ഒലീവ് അപ്പാര്‍ട്ട്മെന്റിലാണ് പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലായി 14000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലമാണ് സ്ഥാപനത്തിന്റെ നടത്തിപ്പുചുമതലയുള്ള ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് പ്രവര്‍ത്തനസജ്ജമാക്കിയത്.
ഓഫീസിലേക്കുള്ള ഉപകരണങ്ങള്‍, അതിവേഗ ഇന്റര്‍നെറ്റ്, കംപ്യൂട്ടറുകള്‍, എസി എന്നിവ സജ്ജമായി. ഓഫീസില്‍ എത്തുന്നവര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും തയാറായി. ഒരാള്‍ക്ക് 35 മിനിറ്റിനകം സേവനം പൂര്‍ത്തിയാക്കി ഓഫീസില്‍നിന്നു മടങ്ങാനാകും. അപേക്ഷകര്‍ക്ക് മൂന്ന് സെക്ഷനുകളായാണ് സേവനം ഒരുക്കിയിട്ടുള്ളത്.
2023 ഫെബ്രുവരി 16നാണ് കോട്ടയത്ത് പ്രവര്‍ത്തിച്ചിരുന്ന പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം വന്നത്. അന്നേദിവസം കെട്ടിടത്തിന് ഉലച്ചില്‍ ഉണ്ടായി എന്നായിരുന്നു വിദേശകാര്യ മന്ത്രാലയം നല്കിയ വിശദീകരണം.
തുടര്‍ന്ന് കോട്ടയം ഓഫീസിന്റെ ചുമതല ആലപ്പുഴ പാസ്പോര്‍ട്ട് സേവാകേന്ദ്രം, എറണാകുളം ജില്ലയിലെ കരിങ്ങാച്ചിറ പാസ്പോര്‍ട്ട് സേവാ കേന്ദ്രം, ആലുവ പാസ്പോര്‍ട്ട് സേവാകേന്ദ്രം എന്നിവിടങ്ങളിലേക്ക് പുനഃക്രമീകരിച്ചു. എന്നാല്‍ ഇത് കോട്ടയം പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ സേവനം ലഭിച്ചിരുന്ന പ്രദേശങ്ങളിലെ അപേക്ഷകര്‍ക്ക് വലിയ ദുരിതമായി.
തുടർന്ന് തോമസ് ചാഴികാടന് എംപി വിദേശകാര്യമന്ത്രിയെ നേരില്‍ക്കണ്ടു വിഷയം അവതരിപ്പിക്കുകയും ലോക്സഭയില്‍ സബ്മിഷന് ഉന്നയിക്കുകയും ചെയ്തു. ഒടുവില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം കോട്ടയത്ത് നിലനിര്‍ത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് ഉറപ്പുനല്‍കി. കോട്ടയത്ത് പുതിയ കെട്ടിടം കണ്ടെത്തിയെന്നും ഓഫീസ് പ്രവര്‍ത്തനം ഒക്ടോബര്‍ അവസാനം തുടങ്ങുമെന്നുമായിരുന്നു ഉറപ്പ്. എന്നാല്‍ അപ്രതീക്ഷിതമായ പല കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തീകരിക്കും. വിദേശകാര്യ മന്ത്രാലയം നിശ്ചയിക്കുന്ന ദിവസം പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നു തോമസ് ചാഴികാടന് എംപി അറിയിച്ചു.