ജൂബിലി തിരുനാൾ: ഇന്നു മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ
1376266
Wednesday, December 6, 2023 10:35 PM IST
പാലാ: ടൗണ്‍ കുരിശുപള്ളിയിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിന്റെ ഭാഗമായി ഇന്നു രാവിലെ 11ന് തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കും. വൈകുന്നേരം ആറിനു കത്തീഡ്രലില്‍നിന്നു മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം സെന്റ് തോമസ് ചാപ്പലില്‍ ലദീഞ്ഞിനു ശേഷം, പുത്തന്‍പള്ളിയില്‍നിന്നു ബൈപാസുവഴി മാര്‍ത്തോമാശ്ലീഹായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവുമായി കൊട്ടാരമറ്റം ജംഗ്ഷനില്‍ സംഗമിച്ച് സാന്തോം കോപ്ളക്സിലേക്ക്.
തുടര്‍ന്ന് പ്രദക്ഷിണം ടൗണ്‍ കപ്പേളയിലേക്ക്. എട്ടിനു രാവിലെ വിശുദ്ധ കുര്‍ബാന 8. 30 സെന്റ് മേരീസ് സ്കൂളിലെ കുട്ടികളുടെ മരിയന്‍ റാലി . പത്തിനു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 11.45ന് ജൂബിലി സാംസ്കരിക ഘോഷയാത്ര, 12.45ന് ടൂവിലര്‍ ഫാന്ഡിഡ്രസ് മത്സരം, 1.30ന് ബൈബിള്‍ ടാബ്ലോ മത്സരം. വൈകുന്നേരം 4.30ന് ടൗണ്‍ ചുറ്റി പ്രദക്ഷിണം. 8.45ന് സമ്മാനദാനം. കൃതജ്ഞത-ഫാ. ജോസ് കാക്കല്ലില്‍.
കൊട്ടാരമറ്റം മുതല്‍ ളാലം പാലം വരെ റോഡിന് ഇരുവശവും ഉള്ള അലങ്കാരങ്ങളും വൈദ്യുത ദീപാലങ്കാരങ്ങളും വ്യാപാരികളുടെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്. വഴിയോര വിപണി സജീവമായി തുടങ്ങി. സാംസ്കാരിക ഘോഷയാത്രയില്‍ അമ്പതില്‍പ്പരം കലാരൂപങ്ങള്‍ അണിനിരക്കും. മാര്‍ഗംകളി, പരിചമുട്ടു കളി, കാര്‍ട്ടൂണ്‍ ഡോളുകള്‍, പൊയ്ക്കാല്‍ മനുഷ്യന് തുടങ്ങിയവ സാംസ്കാരിക ഘോഷയാത്രയ്ക്ക് മിഴിവേകും. കാര്‍ണിവലും ജൂബിലിയെ മനോഹരമാകുന്നു.
ജാതി മതി ഭേദമെന്യേ ഏറ്റെടുത്ത ആഘോഷമാണ് പാലാ ജൂബിലി.
ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് ടൗണ്‍ഹാളില്‍ നടന്നുവന്ന നാടകമേളയും സ്റ്റേഡിയത്തില്‍ നടന്നുവന്ന വോളിബോള്‍ മത്സരവും ഇന്നലെ സമാപിച്ചു. കാരുണ്യ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ദാഹജല വിതരണവും പുഷ്പാര്‍ച്ചനയും ഉണ്ടായിരിക്കും.
മാതാവിന്റെ തിരുസ്വരൂപം പട്ടണ പ്രദക്ഷിണത്തിനുശേഷം ജൂബിലി കപ്പേളയില്‍ തിരികെയെത്തുമ്പോള്‍ കാരുണ്യാട്രസ്റ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കാലങ്ങളിലെപോലെ ആയിരക്കണക്കിന് വിശ്വാസികള്‍ ചേര്‍ന്ന് മാതാവിന്റെ തിരുസ്വരൂപത്തെ പുഷ്പാര്‍ച്ചന നടത്തി വരവേല്‍ക്കും.
പാലാ ജൂബിലി: ടൗണിൽ
ഗതാഗത നിയന്ത്രണം
പാലാ: പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് പാലാ ടൗണില്‍ ഇന്നു വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒന്‍പതു വരെയും നാളെ രാവിലെ 10 മുതലും പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
കോട്ടയം ഭാഗത്തുനിന്നു പാലാ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും പുലിയന്നൂര്‍ അമ്പലം ജംഗ്ഷനില്‍നിന്നു തിരിഞ്ഞു ബൈപാസ് റോഡുവഴി സിവില്‍ സ്റ്റേഷന്, കിഴതടിയൂര്‍ ജംഗ്ഷന് വഴി പോകണം.
ഈരാറ്റുപേട്ടയില്‍നിന്നു വരുന്ന വാഹനങ്ങള്‍ മഹാറാണി ജംഗ്ഷന്, കിഴതടിയൂര്‍ ജംഗ്ഷന് വഴി ബൈപാസിലൂടെയും പൊന്‍കുന്നം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ 12 -ാം മൈലില്‍നിന്നു കടപ്പാട്ടൂര്‍ ബൈപാസ് വഴിയും യാത്ര ചെയ്യണം.
തൊടുപുഴ റൂട്ടില്‍നിന്നു കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ബൈപാസിലൂടെ പുലിയന്നൂരെത്തി യാത്ര തുടരണം.
കോട്ടയം ഭാഗത്തുനിന്നും പൊന്‍കുന്നം ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ കടപ്പാട്ടൂര്‍ ബൈപാസു വഴി 12-ാം മൈല്‍ എത്തി പൊന്‍കുന്നം ഭാഗത്തേക്ക് പോകണം.