റോഡുസൈഡിൽ നിർത്തിയിട്ട കാർ തീർഥാടന വാഹനം ഇടിച്ചു തകർത്തു
1376263
Wednesday, December 6, 2023 10:35 PM IST
കോരുത്തോട്: കോരുത്തോട് പള്ളിപ്പടിയിൽ റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന കാർ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് തകർത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15ന് പള്ളിപ്പടി സെന്റ്ജോർജ് സ്കൂളിന് മുന്പിലായിരുന്നു അപകടം. ആന്ധ്ര സ്വദേശികളായ തീർഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ രണ്ട് തീർഥാടകരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം - കണമല ശബരിമല തീർഥാടന പാതയിൽ കോരുത്തോട് പള്ളിപ്പടി ഭാഗത്ത് നടപ്പാത ഇല്ലാത്തത് അപകടസാധ്യത വർധിക്കാൻ ഇടയാക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
നടപ്പാതയുടെ അഭാവം മൂലം സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർ ടാറിംഗ് റോഡിലൂടെ ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. തീർഥാടന കാലം ആരംഭിച്ചതോടെ ഓരോ ദിവസവും നൂറുകണക്കിന് അയ്യപ്പഭക്തരുടെ വാഹനമാണ് ഇതുവഴി കടന്നു പോകുന്നത്. ഇതു പ്രദേശത്ത് അപകടം സാധ്യത വർധിപ്പിക്കുകയാണ്.