കാഞ്ഞിരപ്പള്ളിയുടെ സ്വപ്നപദ്ധതി പൂവണിയുന്നു; നിർദിഷ്ട ബൈപാസ് നിർമാണം തുടങ്ങി
1376257
Wednesday, December 6, 2023 10:17 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിക്കാർ കാത്തിരുന്ന ബൈപാസ് യാഥാർഥ്യമാകാൻ ഇനി അധികനാൾ വേണ്ടി വരില്ല. നിർദിഷ്ട ബൈപാസിന്റെ നിർമാണ പ്രവൃത്തികൾക്കു തുടക്കമായി.
ബൈപാസ് കടന്നു പോകുന്ന പ്രദേശം ജെസിബി ഉപയോഗിച്ചു തെളിക്കുന്ന ജോലികളാണ് നടന്നു വരുന്നത്. ഇതോടെപ്പം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കരാർ തുകയടക്കം വ്യക്തമാക്കി ബോർഡും സ്ഥാപിച്ചു കഴിഞ്ഞു. ഗുജറാത്ത് കേന്ദ്രമായുള്ള ബാക്ക്ബോൺ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബൈപാസിന്റെ നിർമാണ ജോലികൾ ഏറ്റെടുത്തിരിക്കുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷനാണ് പദ്ധതിയുടെ നിർമാണ ചുമതല.
പദ്ധതിയ്ക്കായി വേണ്ടിവരുന്ന 26.16 കോടി രൂപ കിഫ്ബി മുഖേനയാണ് അനുവദിച്ചിരിക്കുന്നത്. നിർമാണ കാലയളവ് അവസാനിക്കുന്നത് 2025 മാർച്ച് മൂന്നിനാണ്. ദൂരം 1.80 മീറ്ററാണ്.
നിർമാണ പ്രവർത്തികൾ ആരംഭിക്കുന്നതിനു മുന്നോടിയായി പദ്ധതി പ്രദേശത്തെ മരങ്ങൾ നേരത്തെ തന്നെ മുറിച്ചു മാറ്റിയിരുന്നു. മണിമല റോഡിനും ചിറ്റാര്‍ പുഴയ്ക്കും മീതെ മേല്‍പ്പാലം നിര്‍മിക്കുന്നതിനു മുന്നോടിയായി മണ്ണ്, പാറ എന്നിവയുടെ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
പദ്ധതിയുടെ ഔദ്യോഗിക നിർമാണോദ്ഘാടനം അധികം വൈകാതെ തന്നെ ഉണ്ടായേക്കും. ബൈപാസിനായി ആകെ 37 പേരുടെ ഭൂമിയാണ് നഷ്ടപരിഹാര തുക നല്കി ഏറ്റെടുത്തത്. ആദ്യം 8.62 ഏക്കര്‍ സ്ഥലവും രണ്ടാം ഘട്ടത്തില്‍ 1.97 ഏക്കറും ഉള്‍പ്പെടെ 10.59 ഏക്കര്‍ സ്ഥലമാണ് ബൈപാസ് നിര്‍മാണത്തിനായി ഏറ്റെടുത്തത്.
ദേശീയ പാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നിന്നാണ് നിര്‍ദിഷ്ട ബൈപാസ് ആരംഭിക്കുന്നത്. മണിമല റോഡിനും ചിറ്റാര്‍ പുഴയ്ക്കും മീതെ പാലം നിര്‍മിച്ച് ടൗണ്‍ ഹാളിനു സമീപത്ത് കൂടി പൂതക്കുഴിയില്‍ ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ദേശീയ പാതയില്‍ പ്രവേശിക്കുന്നതാണ് നിര്‍ദിഷ്ട കാഞ്ഞിരപ്പള്ളി ബൈപാസ്.