വിശുദ്ധ ചാവറയച്ചൻ കേരള നവോത്ഥാന നായകരിൽ പ്രഥമഗണനീയൻ: ഗവർണർ
1376187
Wednesday, December 6, 2023 6:45 AM IST
മാന്നാനം: കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രഥമഗണനീയനാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാന്നാനം കെഇ കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സാമൂഹികവും ബൗദ്ധികവുമായ മാറ്റം സംഭവിക്കുന്നത് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനിലൂടെയാണ്. ഒട്ടേറെ എതിർപ്പുകളെയും വെല്ലുവിളികളെയും നേരിട്ടുകൊണ്ടാണ് എല്ലാവർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തിലേക്ക് ചാവറയച്ചൻ സഞ്ചരിച്ചത്. വിശുദ്ധ ചാവറയച്ചന്റെ വിദ്യാഭ്യാസ ദർശനത്തിലൂടെ തലമുറകളെ വാർത്തെടുക്കുകയായിരുന്നു.
പള്ളിക്കൊപ്പം പള്ളിക്കൂടം സ്ഥാപിക്കണമെന്ന അദ്ദേഹത്തിന്റെ ഉത്തരവിലൂടെ സ്കൂളിന് പള്ളിക്കൂടമെന്ന മനോഹരമായ ഒരു പേരുകൂടി ചാവറയച്ചൻ സമ്മാനിച്ചു. പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ വനിതകളടക്കമുള്ള വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക ഉന്നമനത്തിനും ചാവറയച്ചന്റെയും കെഇ കോളജിന്റെയും പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു.
വൈദികർ, കന്യാസ്ത്രീകൾ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, സാംസ്കാരിക നായകർ, മാധ്യമ പ്രവർത്തകർ, അധ്യാപകർ, പൂർവാധ്യാപകർ, ജീവനക്കാർ, മുൻ ജീവനക്കാർ, വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ എന്നിങ്ങനെ കോളജ് ഓഡിറ്റോറിയം തിങ്ങിനിറഞ്ഞ സദസ് ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചു.
സിഎംഐ സഭയുടെ പ്രിയോർ ജനറാൾ റവ.ഡോ. തോമസ് ചാത്തംപറമ്പിൽ സിഎംഐ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി മുഖ്യ പ്രഭാഷണവും സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. ആന്റണി ഇളന്തോട്ടം സിഎംഐ അനുഗ്രഹ പ്രഭാഷണവും നടത്തി.
കോളജ് മാനേജർ റവ.ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ, തിരുവനന്തപുരം പ്രൊവിൻസ് എജ്യൂക്കേഷൻ കൗൺസിലർ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ, കോളജ് പ്രിൻസിപ്പൽ ഡോ. ഐസൺ വി. വഞ്ചിപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കോളജിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡയമണ്ട് കെഇ പദ്ധതിക്കും ഗവർണർ തുടക്കം കുറിച്ചു. കോളജിന്റെ ഉപഹാരം മാനേജർ റവ.ഡോ. കുര്യൻ ചാലങ്ങാടിയും വിദ്യാർഥികളുടെ ഉപഹാരം പ്രിൻസിപ്പൽ ഡോ. ഐസൺ വി. വഞ്ചിപ്പുരയ്ക്കലും ഗവർണർക്ക് സമ്മാനിച്ചു.
ചാവറയച്ചന്റെ കർമഭൂമിയായ മാന്നാനത്തെ ചരിത്രമുറങ്ങുന്ന നാടെന്നു വിശേഷിപ്പിച്ച ഗവർണർ മാന്നാനത്ത് എത്താൻ താൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും പറഞ്ഞു. ചടങ്ങിനു ശേഷം ആശ്രമ ദേവാലയത്തിലെത്തി വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തിയാണ് ഗവർണർ മടങ്ങിയത്.