ബഫർ സോൺ സമരം പിഴ അടച്ച് നാട്ടുകാർ
1376186
Wednesday, December 6, 2023 6:45 AM IST
എരുമേലി: നാടിനെ ബഫർ സോൺ ആക്കി മാറ്റുന്നതിനെതിരേ പ്രക്ഷോഭം നടത്തിയതിന് പോലീസ് എടുത്ത കേസിലെ പിഴ അടയ്ക്കാൻ എയ്ഞ്ചൽവാലിയിൽനിന്ന് കാഞ്ഞിരപ്പള്ളി കോടതിയിൽ എത്തിയത് 36 പേർ. എല്ലാവർക്കും ആയിരം രൂപ വീതമാണ് കോടതി പിഴ ചുമത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, എയ്ഞ്ചൽവാലി പള്ളി വികാരി ഫാ. ജയിംസ് കൊല്ലംപറമ്പിൽ, വാർഡ് അംഗം മാത്യു ജോസഫ് ഉൾപ്പെടെ 36 പേർക്കെതിരേ മൂന്ന് കേസുകളാണ് പൊതുമുതൽ നശിപ്പിച്ചു എന്ന കുറ്റം ഉൾപ്പെടെ ചുമത്തി കേസുണ്ടായിരുന്നത്. രാവിലെ കോടതിയിൽ എത്തിയ ഇവർക്ക് വൈകുന്നേരത്തോടെയാണ് പിഴ അടച്ചു മടങ്ങാനായത്.
ഇനി ഒരു കേസ്കൂടിയുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ ഈ കേസ് അടുത്ത ജനുവരി 20 നാണ് കോടതി പരിഗണിക്കുന്നത്. ഈ കേസിൽ പ്രതികളായ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് നേരത്തെ മുൻകൂർ ജാമ്യം കോടതി നൽകിയിരുന്നു.
ജനകീയ സമരങ്ങളെ തകർക്കാനുള്ള നീക്കമാണ് പോലീസിനെ ഉപയോഗിച്ച് തങ്ങൾക്കെതിരേ കേസ് എടുത്തതിന്റെ പിന്നിലെന്ന് സുബി സണ്ണി ആരോപിച്ചു. കേസ് നടത്താനുള്ള ചെലവിന് കഴിഞ്ഞ ദിവസം സമരക്കാർ നാട്ടിൽ പിച്ചതെണ്ടൽ പ്രതിഷേധം നടത്തിയിരുന്നു. ഒരു ലക്ഷത്തോളം രൂപയാണ് ഇതിലൂടെ ലഭിച്ചത്.