കൊമ്പന്‍ചെല്ലി ശല്യം രൂക്ഷം; തെങ്ങുകൃഷിക്കു തിരിച്ചടി
1376185
Wednesday, December 6, 2023 6:45 AM IST
കോട്ടയം: തെങ്ങ് നട്ടുവളര്ത്തുന്നവര്ക്കു തിരിച്ചടിയായി കൊമ്പന്‍ചെല്ലി ശല്യം രൂക്ഷം. നട്ട് ഒരു മാസം പ്രായമായ തെങ്ങിന്‍തൈ മുതല്‍ കായ്ഫലമുള്ള തെങ്ങില്വരെ ചെല്ലി ശല്യം രൂക്ഷമായിരിക്കുകയാണെന്നു കര്‍ഷകര്‍ പറയുന്നു. മുമ്പൊക്കെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ഏതാനും തെങ്ങില്‍ മാത്രമായിരുന്നു ശല്യമെങ്കില്‍ ഇപ്പോള്‍ 15 ദിവസത്തെ ഇടവേളയില്‍ പോലും ചെല്ലികളെ കാണുന്നതായി കര്‍ഷകര്‍ പറയുന്നു.
കൂമ്പ് മറിഞ്ഞുവീഴുമ്പോഴായിരിക്കും പലപ്പോഴും ചെല്ലിശല്യം കര്‍ഷകര്‍ അറിയുക. തൈ പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കും. റബര്‍ മരങ്ങള്‍ വെട്ടിമാറ്റിയും മറ്റു കൃഷികള്‍ ഉപേക്ഷിച്ചും തെങ്ങിന് തൈകള്‍ നട്ടവര്ക്കാണു ഏറെ നഷ്ടമുണ്ടായിരിക്കുന്നത്.
തെങ്ങിന്റെ കവിളില്‍ മാത്രമാണു ചെല്ലിശല്യം ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ചുവട്ടില്‍ പോലും ചെല്ലികള്‍ കുത്തുന്നതായി കര്‍ഷകര്‍ പറയുന്നു.
അത്യുത്പാദന ശേഷിയുള്ളതും രണ്ടും മൂന്നും വര്‍ഷത്തിനുള്ളില്‍ കായ്ക്കുമെന്ന് അവകാശപ്പെടുന്നതുമായ തെങ്ങിന് തൈകളിലാണു ചെല്ലിശല്യം രൂക്ഷം. ഇത്തരം തൈകള്‍ക്കു പ്രതിരോധശേഷി കുറവാണെന്നാണ് കര്‍ഷകരുടെ അഭിപ്രായം. കായ്ച്ചു തുടങ്ങിയാലും ഏതാനും വര്‍ഷത്തിനുള്ളില്‍ എന്തെങ്കിലും രോഗബാധയുണ്ടായി നശിക്കുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നാടന്‍ തേങ്ങ പാകി കിളിര്‍പ്പിച്ചു വയ്ക്കുന്ന തൈകളില്‍ പൊതുവേ ശല്യം കുറവാണ്.
നാടന്‍ മരുന്നുകള്‍ മുതൽ വിപണിയില്‍ ലഭ്യമായ വിവിധ മരുന്നുകള്‍ വരെ ഉപയോഗിച്ചിട്ടും ചെല്ലി ശല്യം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. കിണര്‍ വല മുറിച്ചു തെങ്ങിന്റെ കവിളിൽ ഇടുന്നതുള്‍പ്പെടെയുള്ള രീതികള്‍ കര്‍ഷകര്‍ പരീക്ഷിക്കുന്നുണ്ടെങ്കിലും പലപ്പോഴും വിജയിക്കാറില്ല. ഒന്നും രണ്ടും തവണ, തെങ്ങിന് തൈകള്‍ നശിക്കുന്നതോടെ പലരുംകൃഷിതന്നെ ഉപേക്ഷിക്കുകയാണ്.