കണ്ണീരിലാണ്, നെല്ലുവിറ്റ കര്‍ഷകരേറെയും
1376184
Wednesday, December 6, 2023 6:45 AM IST
കോട്ടയം: വിരിപ്പ് നെല്ല് വിറ്റ കര്‍ഷകര്‍ക്ക് നല്കാന് സര്‍ക്കാര്‍ അനുവദിച്ച 200 കോടി രൂപയുടെ വിതരണം ഒരാഴ്ചയ്ക്കുള്ളില്‍ അവസാനിക്കും. കോട്ടയം ജില്ലയില്‍ നെല്ല് വിറ്റ പകുതി കര്‍ഷകര്‍ക്കുപോലും നയാ പൈസ കിട്ടിയില്ല. നവംബര്‍ ആദ്യവാരംവരെ വിറ്റ നെല്ലിന് മാത്രം നാമമാത്ര തുക ലഭിച്ചു. ഏറിയാല്‍ 20 കോടി രൂപയാണു കോട്ടയം ജില്ലയില്‍ ഇതോടകം വിതരണം ചെയ്തിരിക്കുന്നത്. 180 കോടി രൂപകൂടി അനുവദിച്ചാല്‍ മാത്രമേ കുടിശിക തീര്‍ക്കാനാകൂ.
സപ്ലൈകോയ്ക്ക് നെല്ല് വിറ്റതിന്റെ രസീസ് ബാങ്കുകളില്‍ ഏല്‍പ്പിച്ച് ഒന്നര മാസമായി കാത്തിരിക്കുന്ന കര്‍ഷകര്‍ക്കാണ് നാമമാത്ര തുക ലഭിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മൂന്നു മാസം കഴിയാതെ അടുത്തഘട്ടം തുക സപ്ലൈകോയ്ക്ക് അനുവദിക്കില്ല. കര്‍ഷകര്‍ വേനല്‍ വിളവെടുപ്പിനായി പുഞ്ചകൃഷി വിതച്ച ഘട്ടത്തിലും മുന്കൊയ്ത്തിന്റെ തുക ലഭിക്കാത്ത സാഹചര്യമാണ്.
ജില്ലയില്‍ വിരിപ്പ് കൊയ്ത്ത് 65 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ഉള്‍പ്രദേശങ്ങളില്‍ കൊയ്ത്ത് കൂടുതല്‍ ദുഷ്കരമായി മാറുന്നു. പ്രളയത്തില്‍ നെല്ല് നശിച്ചതില്‍ മില്ലുകള്‍ക്ക് അനുവദിച്ച നഷ്ടപരിഹാരവും രണ്ടു വര്‍ഷമായി നെല്ലുകുത്തുകൂലിയും കുടിശികയായതിനാല്‍ നെല്ല് സംഭരണത്തില്‍നിന്ന് മുപ്പതു മില്ലുകള്‍ പിന്‍വാങ്ങിയിരുന്നു.
കൈ മലര്‍ത്തി വെച്ചൂര്‍ റൈസ് മില്‍
സര്‍ക്കാര്‍ സംരംഭമായ ഓയില്‍ പാം വൈക്കം വെച്ചൂരിലെ മോഡേണ്‍ റൈസ് മില്ലില്‍ സംഭരിച്ച നെല്ലിന് നയാപൈസ നല്‍കിയില്ല. കാത്തിരുന്നു മടുത്ത കര്‍ഷകര്‍ വെച്ചൂര്‍ മോഡേണ്‍ മില്ലിനു മുന്നില്‍ കഞ്ഞിവച്ച് പ്രതിഷേധിക്കാനൊരുങ്ങുകയാണ്.
ഒരാഴ്ചയ്ക്കുള്ളില്‍ പണം നല്‍കും എന്ന ധാരണയില്‍ 2500 ടണ്‍ നെല്ലാണ് വെച്ചൂര്‍ മില്ലില്‍ സംഭരിച്ചത്. തലയാഴം, വെച്ചൂര്‍, കല്ലറ, നീണ്ടൂര്‍ പ്രദേശങ്ങളിലെ പാടങ്ങളില്‍നിന്നുള്ള കര്‍ഷകരാണു പണം എന്നു ലഭിക്കുമെന്നറിയാതെ നെട്ടോട്ടമോടുന്നത്. കൃഷി വകുപ്പിന്റെയും ഓയില്പാമിന്റെയും തലപ്പത്ത് സിപിഐയാണെങ്കിലും കര്‍ഷകരുടെ പ്രശ്നത്തില്‍ ഇടപെടുന്നില്ല.
സപ്ലൈകോയ്ക്ക് നെല്ല് നല്കിയിരുന്നെങ്കില് എന്നെങ്കിലും പണം ലഭിക്കുമായിരുന്നുവെന്നാണ് കര്‍ഷകര്‍ വിലപിക്കുന്നത്. മോഡേണ്‍ മില്ലില്‍ നെല്ല് എത്തിച്ച വകയിലും കര്‍ഷകര്‍ക്ക് ഭാരിച്ച ബാധ്യതയുണ്ട്. മുന്‍പ് ഗതാഗതച്ചെലവിന്റെ ഒരു വിഹിതം കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. അതേസമയം മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഫണ്ട് കൃത്യമായി ലഭിച്ചിരുന്നതിനാല്‍ കുടിശികയില്ലാതെ കര്‍ഷകര്‍ക്ക് പണം നല്‍കിയിരുന്നതായി മോഡേണ്‍ മില്‍ അധികൃതര്‍ വ്യക്തമാക്കി. ഇക്കൊല്ലവും പണം മുടങ്ങാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഭരണം നടത്തിയത്.
ഇവിടെ കുത്തിയ അരി വില്പനയ്ക്ക് നല്‍കിയതില്‍ സപ്ലൈകോ 15 കോടി രൂപ വെച്ചൂര്‍ മില്ലിന് നല്‍കാനുണ്ട്.