എട്ടുവർഷം അനാഥമായി കൊടൂരാറ്റിൽ; എംബി അക്ഷരയെ വിറ്റൊഴിച്ച് ഡിടിപിസി
1376182
Wednesday, December 6, 2023 6:45 AM IST
കോട്ടയം: കൊടൂരാറിൽ പാതിമുങ്ങി നശിച്ചുതുടങ്ങിയ എംബി അക്ഷരയെ വിറ്റൊഴിച്ച് ഡിടിപിസി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസലിന്റെ ജലയാനം എംബി അക്ഷര ലേലത്തിൽ വിറ്റു. ബോട്ട് വെറുതെകിടന്ന് നശിക്കുന്നതായി ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
എട്ടുവര്‍ഷം അനാഥമായിക്കിടന്ന ശേഷമാണ് ബോട്ട് ലേലത്തിൽ വിറ്റത്. 2.46 ലക്ഷം രൂപയ്ക്ക് കുമരകം സ്വദേശി സുബീഷാണ് ബോട്ട് ലേലത്തിൽ പിടിച്ചത്. ആറു പേരാണ് ലേലത്തിൽ പങ്കെടുത്തത്.
ഇതിനു മുന്‍പ് മൂന്ന് തവണ ലേലം നടന്നിരുന്നെങ്കിലും അടിസ്ഥാന വില ലഭിച്ചിരുന്നില്ല. ലേലംവിളിച്ച സുബീഷ് ബോട്ട് പൊളിക്കാൻ ആലപ്പുഴയിലെ ഡോക്കിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ബോട്ട് കോടിമതയിൽനിന്നു കൊണ്ടുപോയത്. ബോട്ടിലെ വെള്ളം മോട്ടർ ഉപയോഗിച്ച് വറ്റിച്ചു. ഇതിനുശേഷം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മറ്റൊരു ബോട്ടിൽ കെട്ടിവലിച്ചാണ് കൊണ്ടുപോയത്.
വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് 2009ല്‍ നീറ്റിലിറക്കിയതാണ് വേഗ ബോട്ട് ഇനത്തിൽപ്പെട്ട എംബി അക്ഷര. ആറുവര്‍ഷം മാത്രമാണ് ബോട്ട് സര്‍വീസ് നടത്തിയത്. എന്ജിന് തകരാറിനെത്തുടര്‍ന്ന് 2015 ല്‍ സര്‍വീസ് അവസാനിപ്പിച്ചു. പിന്നീട് ബോട്ടിന് ശാപമോക്ഷം ഉണ്ടായില്ല. എന്ജിന് തകരാര്‍ പരിഹരിക്കാന്‍ ടൂറിസം വകുപ്പ് ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നീട് 2019ല്‍ ബോട്ട് കോട്ടയം സ്വദേശിക്കു ലീസിന് നല്കി. എന്നാല്‍ കോവിഡ് വന്നതോടെ അദ്ദേഹത്തിനും സര്‍വീസ് നടത്താന്‍ സാധിച്ചില്ല. 2021ല്‍ ബോട്ട് തിരിച്ചേല്‍പ്പിച്ചു. ഇതിനുശേഷം മൂന്നു തവണ ബോട്ട് വിറ്റ് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മൂന്നാം തവണ നടന്ന ലേലത്തില്‍ 1.15 ലക്ഷം രൂപയാണ് കൂടിയ തുകയായി വിളിച്ചത്.
കെട്ടിയിട്ടിരിക്കുന്ന ബോട്ട് പലതവണ വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. അപ്പോഴെല്ലാം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിനിര്‍ത്തി. ഓരോ തവണയും ബോട്ട് ഉയര്‍ത്തുന്നതിന് ഇരുപതിനായിരം രൂപയോളം ടൂറിസം വകുപ്പിനു ചെലവായി.