കോത്തലയിൽ ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ മോഷണശ്രമം
1376179
Wednesday, December 6, 2023 6:45 AM IST
പാമ്പാടി: കോത്തലയിൽ സഹകരണ ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ മോഷണശ്രമം. പുലർച്ചെ രണ്ടോടുകൂടിയായിരുന്നു സംഭവം. കൂരോപ്പട സർവീസ് സഹകരണ ബാങ്ക് ശാഖയുടെ ഉപയോഗമില്ലാതെ കിടന്നിരുന്ന ഷട്ടറിന്റെ താഴാണ് തകർത്തത്.
ബാങ്കിലെ സിസി ടിവി കാമറ തിരിച്ചുവച്ച ശേഷമാണ് മോഷണ ശ്രമം. തൊട്ടടുത്ത സൂപ്പർ സ്റ്റോഴ്സിന്റെയും അമ്പിളി സ്റ്റോഴ്സിന്റെയും താഴുകൾ തകർത്ത് മോഷ്ടാക്കൾ അകത്ത് കയറിയെങ്കിലും ഒന്നും മോഷണം പോയിട്ടില്ല. മോഷണശ്രമം നടന്ന സമയത്ത് പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.
ഒരു മാസം മുമ്പ് സമാന രീതിയിൽ പാമ്പാടി ആലാമ്പള്ളിയിൽ പ്രവർത്തിക്കുന്ന നന്ദന മെഡിക്കൽസിലും മോഷണം നടന്നിരുന്നു. അന്ന് 6000 രൂപയോളം നഷ്ടപ്പെട്ടിരുന്നു. ഇത്തരത്തിൽ പാമ്പാടിയിലും പരിസരങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളിലെ മോഷണ പരമ്പര വ്യാപാരികളിൽ ആശങ്ക പടർത്തിയിട്ടുണ്ട്. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.