അഷ്ടമി ദർശനപുണ്യം നേടി ഭക്തസഹസ്രങ്ങൾ
1376177
Wednesday, December 6, 2023 6:32 AM IST
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ദർശന പുണ്യം നേടി ഭക്തസഹസ്രങ്ങളെത്തി. ഇന്നലെ പുലർച്ചെ ബ്രാഹ്മമുഹൂർത്തത്തിൽ പ്രഭാതപൂജകൾക്ക് ശേഷം നടതുറന്നപ്പോൾ അന്നദാന പ്രഭുവായ ശ്രീവൈക്കത്തപ്പന്റെ സർവാഭരണ വിഭൂഷിതമായ മോഹന രൂപം ദർശിച്ച് സായൂജ്യം നേടുവാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലേക്ക് പ്രവഹിച്ചത്.
പതിനൊന്നാം ഉത്സവ നാളിലെ വിളക്കെഴുന്നള്ളിപ്പ് ശ്രീകോവിലിലേക്ക് കയറുമ്പോൾത്തന്നെ അഷ്ടമി തൊഴാനുള്ള ഭക്തരുടെ നീണ്ടനിര കാണാമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി വ്രതശുദ്ധിയോടെ എത്തിയ നിരവധിപേർ രാത്രി തന്നെ കുളിച്ച് ഈറനായി ഭക്തർക്ക് ദർശനത്തിനായി പ്രത്യേകം തയാറാക്കിയ നിരയിൽ ഇടംപിടിച്ചു. ശിവപ്രീതിക്കായി കഠിന തപസനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതി സമേതനായി ദിവ്യദർശനം നല്കി അനുഗ്രഹിച്ച പുണ്യമുഹൂർത്തത്തിന്റെ അനുസ്മരണമായാണ് അഷ്ടമി ഉത്സവം കൊണ്ടാടുന്നത്.
ആറാട്ട് ഇന്ന്
വൈക്കം: വൈക്കത്തഷ്ടമി ഉത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും.
ഇന്നു രാവിലെ 9.30ന് ചെണ്ടമേളം അരങ്ങേറ്റം. 10.30ന് പാരായണം.
വൈകുന്നേരം അഞ്ചിന് ഭക്തിഗാനമേള, ആറിന് ആറാട്ടെഴുന്നള്ളിപ്പ്, ഏഴിന് നൃത്തസന്ധ്യ, എട്ടിന് ഭക്തിഗാനമേള.
രാത്രി 11ന് ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപൂജ വിളക്ക്.
അഷ്ടമി വിളക്ക് ഭക്തമനസുകൾക്ക് ആത്മഹർഷമായി
വൈക്കം: അഷ്ടമി വിളക്ക് ഭക്തരെ ആനന്ദ നിർവൃതിലാഴ്ത്തി. ഗജവീരൻ തിരുവമ്പാടി ചന്ദ്രശേഖരനാണ് വൈക്കത്തപ്പന്റെ തങ്ക തിടമ്പേറ്റിയത്. തിരുനക്കര ശിവൻ, വേമ്പനാട് അർജുനനൻ എന്നീ ഗജവീരൻമാർ അകമ്പടിയായി. പതിവിന് വിപരീതമായി ആർഭാടങ്ങളും വാദ്യമേളങ്ങളും ഇല്ലാതെ ഭഗവാന്റെ എഴുന്നള്ളിപ്പു കിഴക്കേ ആനപ്പന്തലിൽ എത്തി.
അസുര നിഗ്രഹത്തിനുശേഷം കൂട്ടുമ്മേൽ ഭഗവതി, ശ്രീനാരായണപുരം ദേവൻ എന്നിവർക്കൊപ്പം ഉദയനാപുരത്തപ്പന്റെ രാജകീയ പ്രൗഡിയാർന്ന എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു.
ഉദയനാപുരത്തപ്പന്റെ തിടമ്പ് ഗജവീരൻ ഗുരുവായൂർ ഇന്ദ്രസെൻ ശിരസിലേറ്റി. പൻമന ശരവണൻ, കുളമാക്കൽ രാജാറാം എന്നീ ഗജവീരൻമാർ അകമ്പടിയായി. കൂട്ടുമ്മേൽ ക്ഷേത്രത്തിൽ ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തനും ശ്രീനാരായണപുരത്ത് ഗജവീരൻ കാഞ്ഞിരക്കാട്ട് ശേഖരനും ടിവി പുരത്ത് കുളമാക്കിൽ ഗണേശനും തിടമ്പേറ്റി.
മൂത്തേടത്ത് കാവിൽ തോട്ടുചാലിൽ ബോലോനാഥ്, കിഴക്കുംകാവിൽ മാവേലിക്കര ഗണപതി, പുഴവായി കുളങ്ങരയിൽ ഈരാറ്റുപേട്ട അയ്യപ്പൻ, ഇണ്ടംതുരുത്തിൽ വേണാട്ടുമറ്റം ശ്രീകുമാർ തുടങ്ങിയ ഗജവീരൻമാരും അകമ്പടിയായി.
പിതാവായ വൈക്കത്തപ്പൻ തന്റെ സ്ഥാനം പുത്രനായ ഉദയനാപുരത്തപ്പന് നല്കി അനുഗ്രഹിച്ചു. മറ്റു ദേവീദേവന്മാർ അവരവരുടെ സ്ഥാനങ്ങളിൽ നിന്നതോടെ കൂടി എഴുന്നള്ളിപ്പ് നടന്നു. അവകാശിയായ കറുകയിൽ കുടുബത്തിലെ കാരണവരായ കിടങ്ങൂർ കൊച്ചുമഠത്തിൽ ഗോപാലൻ നായർ പല്ലക്കിലെത്തി സ്വർണ ചെത്തിപ്പൂ കാണിക്കയർപ്പിച്ചു. ഒടുവിൽ ദേവീദേവന്മാരുടെ വിട പറയൽ നടന്നു. ഉദയനാപുരത്തപ്പൻ വൈക്കത്തപ്പനോട് വിടപറഞ്ഞിറങ്ങി.
പുത്രന്റെ വിയോഗത്തിൽ ദുഃഖിതനായി നിൽക്കുന്ന വൈക്കത്തപ്പന്റെ മാനസിക സംഘർഷം പ്രകടമാക്കാനായി വൈക്കം ഹരിഹരയ്യരും വൈക്കം സുമോദും നാഗസ്വരത്തിൽ ദുഃഖ ഖണ്ഡാരമെന്ന വിഷാദരാഗം ആലപിക്കുന്നത് കേട്ടു ഭക്തരുടെ മിഴികളും ഈറനായി.
അഷ്ടമി ഫെസ്റ്റിൽ തിരക്കേറി
വൈക്കം: കായലോര ബീച്ചിൽ ഒരുക്കിയ അഷ്ടമി ഫെസ്റ്റിൽ ജനത്തിരക്കേറി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കൗതുകം നിറഞ്ഞതും സാഹസികതയേറിയതുമായ വിനോദ ഉപാധികളാണ് ഫെസ്റ്റിലുള്ളത്. വിവിധ ഇനം പക്ഷികൾ, നായകൾ തുടങ്ങിയവയുടെ പ്രദർശനവും ലഘുഭക്ഷണശാലകളും ഫെസ്റ്റിലുണ്ട്. 10ന് ഫെസ്റ്റ് സമാപിക്കും.