അഷ്ടമി ദിനത്തിൽ സംഭാരവും ഭക്ഷണവും നൽകി സംഘടനകൾ
1376176
Wednesday, December 6, 2023 6:32 AM IST
വൈക്കം: വൈക്കത്തഷ്ടമി ദിനമായ ഇന്നലെ ക്ഷേത്ര നഗരിയിലെത്തിയവർക്കു ദാഹശമനത്തിന് സംഭാരവും ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണവുമൊരുക്കി വിവിധ സന്നദ്ധ സംഘടനകളും സമിതികളും.
വൈക്കം മഹാദേവക്ഷേത്രത്തിലെ പ്രാതലൂട്ടിനും വിവിധ സമൂഹങ്ങളുടെ അന്നദാനത്തിനും പുറമെയാണ് വിവിധ കേന്ദ്രങ്ങളിൽ പതിനായിരങ്ങൾക്ക് ഭക്ഷണം നൽകിയത്. വൈക്കം ടൗൺ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ സംഭാരവിതരണം നടത്തി.
സംഭാര വിതരണത്തിന്റെ ഉദ്ഘാടനം ക്ലബ്ബ് പ്രസിഡന്റ് പി.എ. സുധീരൻ നിർവഹിച്ചു. ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ വിഷ്ണു, റോട്ടറി ക്ലബ്ബ് അഡ്വൈസർ ഡി. നാരായണൻനായർ, ജീവൻശിവറാം, രാജൻ പൊതി, ഇ.എൻ. രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നല്കി.
വൈക്കം പടിഞ്ഞാറെ നടയിൽ പോലീസ് സ്റ്റേഷനു സമീപത്തായി വഴിയാത്രികർക്ക് ആശ്രയ സന്നദ്ധ സേവന സംഘടനയുടെ നേതൃത്വത്തിൽ സംഭാര വിതരണം നടത്തി. അഷ്ടമി ദിനത്തിൽ രാത്രി ചുക്കു കാപ്പി വിതരണവും നടത്തി.
ആശ്രയ ചെയർമാൻ പി.വി. ഷാജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി അബ്ദുൾ സലാം റാവുത്തർ സംഭാര വിതരണം ഉദ്ഘാടനം ചെയ്തു. സന്തോഷ് ചക്കനാടൻ, ഇടവട്ടം ജയകുമാർ, വി. അനൂപ്, ബി. ചന്ദ്രശേഖരൻ, ബി. രാജശേഖരൻ, എം.കെ. മഹേശൻ, വൈക്കം ജയൻ തുടങ്ങിയവർ നേതൃത്വം നൽകി.