മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ ബ്ലോക്കിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍
1376174
Wednesday, December 6, 2023 6:32 AM IST
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആധുനികവത്കരണത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന സര്‍ജിക്കല്‍ ബ്ലോക്കിന്റെ പണികൾ പൂര്‍ത്തിയാകുന്നു. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്താണ് സര്‍ജിക്കല്‍ ബ്ലോക്കിന്റെ നിര്‍മാണം ആരംഭിച്ചത്. ഈ വര്‍ഷം നിര്‍മാണം നടന്നുകൊണ്ടിരിക്കേ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ തീപിടിത്തം ഉണ്ടായിരുന്നു. തുടര്‍ന്ന് വിദഗ്ധസമിതിയുടെ മേല്‍നോട്ടത്തില്‍ പരിശോധന നടത്തി കെട്ടിടം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയശേഷമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്.
ആധുനിക ഓപ്പറേഷന് തിയറ്ററുകളും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകളും അടങ്ങുന്ന ബ്ലോക്കിന്റെ ആദ്യനിലയില്‍ ആധുനിക സംവിധാനങ്ങളുള്ള റേഡിയോളജി പരിശോധനാ സംവിധാനങ്ങളും ഉണ്ടാകും. സംസ്ഥാനത്ത് സര്‍ക്കാര്‍ സംവിധാനത്തില്‍ ആദ്യത്തെ 3.0 ടെസ്ല എംആര്‍ഐ സ്കാനര്‍ ആണ് ഇവിടെ സ്ഥാപിക്കുക.
കുട്ടികളിലെയും മുതിര്‍ന്നവരിലെയും ഹൃദയത്തിന്റെ ഉള്‍പ്പെടെ പ്രവര്‍ത്തന വൈകല്യങ്ങള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്നതാണ് ഈ ഉപകരണം. ഇതു കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനം മനസിലാക്കാന്‍ സാധിക്കുന്ന ഫംഗ്ഷനല്‍ എംആര്‍ഐ, മരുന്നു കുത്തിവയ്ക്കാതെ രക്തക്കുഴലുകളുടെ വൈകല്യങ്ങള്‍ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ആന്‍ജിയോഗ്രാമുകള്‍ എന്നിവയെല്ലാം പുതിയ എംആര്‍ഐയുടെ പ്രത്യേകതകള്‍ ആണ്.
മൂന്നു വര്‍ഷമായി അത്യാഹിതവിഭാഗത്തിനു സമീപമുള്ള 1.5 ടെസ്ല എംആര്‍ഐ മെഷീനാണ് ആശുപത്രിക്കുള്ളത്. ഈ മെഷീന് ഉപയോഗിച്ച് ആകെ രോഗികളിൽ 25 ശതമാനം പേര്‍ക്ക് മാത്രമാണ് സേവനം നല്കാന് കഴിയുന്നത്. രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് അതിവേഗ സിടി സ്കാന്‍ സാധ്യമാക്കുന്നത്.
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ആദ്യത്തെ 256 സ്ളൈസ് സിടി സ്കാനറും ഈ ബ്ലോക്കില്‍ സ്ഥാപിക്കും. ഇത് കൂടാതെ ഏറ്റവും ആധുനിക ഫുള്ളി ഓട്ടോമേറ്റഡ് ഡിജിറ്റല്‍ എക്സ്റേ സംവിധാനം, ഡിജിറ്റല്‍ മാമോഗ്രഫി, ഡോപ്ലര്‍ യുഎസ്ജി സ്കാനുകള്‍ എന്നിങ്ങനെ സര്‍വസജ്ജമായ വിഭാഗമാണ് പുതിയ ബ്ലോക്കിലേത്. മെഷീനുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.
ഛത്തീസ്ഗഡില്‍ ഇലക്ഷന് ചുമതലയിലുള്ള കെഎംഎസ്സിഎല് മേധാവി തിരികെ എത്തുന്നതോടെ വിദേശകമ്പനികള്‍ ആധുനിക മെഷീനുള് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങും.
കെട്ടിടത്തിലേക്കുള്ള വൈദ്യുതി സംവിധാനം പൂര്‍ത്തിയാകുന്നതോടൊപ്പം മെഷീനുകള്‍ എത്തും. റേഡിയോളജിയുടെആധുനികവത്കരണത്തോടെ കോട്ടയം മെഡിക്കല്‍ കോളജ് ഏതു സ്വകാര്യ ആശുപത്രിയെക്കാളും മികച്ച സേവനം നല്കുന്നതിനു സജ്ജമാകും.
സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വി.എൻ. വാസവന്റെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെയും പ്രത്യേക പരിഗണനയോടെയാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആശുപത്രിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നത്. സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗത്തിനുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണവും ഇതിനു സമീപം തന്നെ പുരോഗമിക്കുന്നു.