കടനാട്ടില്‍ കാട്ടുപന്നിശല്യം രൂക്ഷം; തോക്ക് അനുമതിയില്‍ ആക്ഷേപം
1375847
Tuesday, December 5, 2023 12:26 AM IST
കടനാട്: പഞ്ചായത്തിലെ മറ്റത്തിപ്പാറ, നീലൂര്‍, അഴികണ്ണി,കാവുംകണ്ടം പ്രദേശങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമായി. കൃഷിയിടങ്ങളില്‍ കൂട്ടമായി ഇറങ്ങുന്ന കാട്ടുപന്നികള്‍ കപ്പ, വാഴ, ചേന, പച്ചക്കറി കൃഷികള്‍, തെങ്ങ്, കുരുമുളക് ചെടികള്‍, റബ്ബര്‍ തൈകള്‍ തുടങ്ങിയവ നശിപ്പിച്ച് കര്‍ഷകര്‍ക്ക് വളരെയധികം സാമ്പത്തിക നഷ്ടം വരുത്തുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നതിനും യാത്ര ചെയ്യുന്നതിനും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കാട്ടുപന്നി കൃഷി നശിപ്പിച്ച മറ്റത്തിപ്പാറ പ്രദേശത്തെ നിരവധി കര്‍ഷകര്‍ അധികൃതര്‍ക്കും താലൂക്ക് വികസന സമിതിയിലും പരാതി നല്‍കിയിരുന്നു. മനുഷ്യ ജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് അംഗീകാരമുള്ള തോക്ക് ഉടമകളെ നിയോഗിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചിരുന്നു.
എന്നാല്‍ കാട്ടുപന്നി ശല്യം രുക്ഷമായ പ്രദേശങ്ങളിലെ അംഗീകാരമുള്ള തോക്ക് ഉടമകളെ ഒഴിവാക്കിയതായാണ് പരാതി. തോക്ക് ഉടമകള്‍ ലൈസന്‍സിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു സഹിതം അപേക്ഷ നല്‍കിയിട്ടും അനുമതി നല്‍കിയില്ലെന്ന് പറയുന്നു.
മറ്റു പഞ്ചായത്തുകളില്‍ അപേക്ഷ നല്കിയ മുഴുവന്‍ തോക്ക് ഉടമകള്‍ക്കും അനുമതി നല്‍കിയിരുന്നതായും പറയുന്നു.