ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു
1375832
Monday, December 4, 2023 10:58 PM IST
ചങ്ങനാശേരി: ബൈക്ക് നിയന്ത്രണം വിട്ടു പോസ്റ്റിലിടിച്ചു മറിഞ്ഞ് മധ്യവയസ്കന് മരിച്ചു. മാടപ്പള്ളി ഏറിയകുന്നത്ത് ബേബിച്ചന്റെ മകന് റെജിമോന് സോളമന് (47) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതിന് തെങ്ങണ ഗുഡ്ഷെപ്പേര്‍ഡ് സ്കൂളിനു സമീപമായിരുന്നു അപകടം. തകര്‍ന്നുകിടക്കുന്ന റോഡില്‍ നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്നാണ് സൂചന. അപകടം നടന്നയുടനെ റെജിമോനെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ മരിച്ചു.
തൃക്കൊടിത്താനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ ഏറ്റുവാങ്ങി ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. ഇന്ന് രാവിലെ എട്ടിന് മാടപ്പള്ളിയിലുള്ള കുട്ടംപേരൂര്‍ കുടുംബവസതിയില്‍ മൃതദേഹം എത്തിക്കും. സംസ്കാരം ഇന്ന് 2.30ന് ചെറുപുഷ്പം പള്ളിയില്‍.
മാതാവ് ലൂസിയാമ്മ മാടപ്പള്ളി കൂട്ടംപേരൂര്‍ ചക്കാലയ്ക്കല്‍ കുടുംബാംഗം. ഭാര്യ: സിബി (മൂവാറ്റുപുഴ രാമമംഗലം ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥ). മക്കള്‍: ലാന് റെജിമോന് (കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ലയന (മൗണ്ട് കാര്‍മല്‍ സ്കൂള്‍, കോട്ടയം), ലിയോണ്‍, ലിതിയ (ഇരുവരും നിര്‍മല പബ്ലിക് സ്കൂള്‍, മൂവാറ്റുപുഴ).