കോവില്‍ക്കടവ് - ബിഷപ്സ് ഹൗസ് റോഡ് ഗതാഗത യോഗ്യമല്ലാതായി
1375829
Monday, December 4, 2023 10:16 PM IST
കാഞ്ഞിരപ്പള്ളി: കോവില്‍ക്കടവ് - ബിഷപ്സ് ഹൗസ് റോഡ് തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായി. കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡില്‍ കോവില്‍ക്കടവില്‍ നിന്നു ആരംഭിച്ച് ബിഷ്പ്സ് ഹൗസ് വഴി കാഞ്ഞിരപ്പള്ളി - തമ്പലക്കാട് റോഡില്‍ എത്തുന്ന വഴിയാണ് തകര്‍ന്നത്. ടാറിംഗ് പൊളിഞ്ഞ് വന്‍ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഈരാറ്റുപേട്ട ഭാഗത്ത് നിന്നെത്തുന്ന ചെറിയ വാഹനങ്ങള്‍ക്ക് ടൗണില്‍ പ്രവേശിക്കാതെ കാഞ്ഞിരപ്പള്ളി - തമ്പലക്കാട് -എലിക്കുളം റോഡിലും ദേശീയ പാതയിലും എത്താന്‍ കഴിയുന്ന റോഡാണിത്.
കോവില്‍ക്കടവ് - ബിഷപ്സ് ഹൗസ് റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നും നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.
ആശാ ഹോം, ബിഷപ്സ് ഹൗസ് തുടങ്ങി നിരവധി കുടുംബങ്ങളും ആശ്രയിക്കുന്ന റോഡാണിത്. കുഴികളില്‍ ചാടിയും റോഡിന് വീതി കുറവായതിനാൽ സൈഡ് കൊടുക്കുന്പോൾ മതിലിൽ തട്ടിയും വാഹനങ്ങള്‍ക്ക് കേടുപാടു സംഭവിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
കുടിവെള്ള പദ്ധതിക്കുവേണ്ടി പൈപ്പ് സ്ഥാപിക്കാനായി കുഴികൾ എടുത്തത് ശരിയായ രീതിയിൽ മൂടാത്തതോടെ റോഡ് കൂടുതൽ ശോചനീയമായിരിക്കുകയാണ്.
ചെളിക്കുഴികളിൽ താഴ്ന്ന വാഹനങ്ങൾ പലതും കെട്ടി വലിച്ച് കയറ്റേണ്ട അവസ്ഥയാണുള്ളത്. കുഴികളിൽ ചെളി കെട്ടിക്കിടക്കുന്നത് ഇരുചക്രയാത്രികരെയും കാൽനടയാത്രക്കാരെയും ഏറെ ദുരിതത്തിലാക്കുകയാണ്.
ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.