പാട്ടും കലാവിരുന്നുമായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍
1375756
Monday, December 4, 2023 5:36 AM IST
കോട്ടയം: സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി യുവതലമുറയെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വ്യത്യസ്തമാര്‍ന്ന പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചു.

ജില്ലാ തെരഞ്ഞെടുപ്പു വിഭാഗത്തിന്റെയും ഡിടിപിസിയുടെയും ജില്ലാ കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ സ്വീപ്പിന്റെ നേതൃത്വത്തിലായിരുന്നു ഇല്ലിക്കല്‍ കല്ല്, ഇലവീഴാ പൂഞ്ചിറ, വൈക്കം ബീച്ച്, തണ്ണീര്‍മുക്കം ബണ്ട് എന്നിവിടങ്ങളില്‍ പ്രചരണ കാമ്പയിനുകള്‍ സംഘടിപ്പിച്ചത്. നാലു കേന്ദ്രങ്ങളിലും പ്രചരണത്തിന്റെ ഭാഗമായി മ്യൂസിക് ഷോ സംഘടിപ്പിച്ചു.
വൈക്കം കായലോര ബീച്ചിന് സമീപം നടത്തിയ കലാവിരുന്ന് പുഞ്ച സ്പെഷല്‍ ഓഫീസറും സ്വീപ്പിന്റെ ജില്ലാ നോഡല്‍ ഓഫീസറുമായ അമല്‍ മഹേശ്വര് ഉദ്ഘാടനം ചെയ്തു. വൈക്കത്ത് കുക്കുമ്പര്‍ സിറ്റി ബാന്‍ഡിന്റെ നേതൃത്വത്തില്‍ ഫ്യൂഷനും തണ്ണീര്‍മുക്കത്ത് ചങ്ങനാശേരി നന്തുണി ടീമിന്റെ നേതൃത്വത്തില്‍ നാടന്‍പാട്ടും അരങ്ങേറി. വോട്ടര്‍ എൻറോള്‍മെന്റിനു പ്രത്യേക സൗകര്യങ്ങളും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയിരുന്നു.