ആദരിച്ചു
1375590
Sunday, December 3, 2023 10:29 PM IST
എലിക്കുളം: വൈകല്യങ്ങളെ മറന്ന് ജീവിതവിജയം നേടിയ ഗായകൻ സുനീഷ് ജോസഫിനെ ഭിന്നശേഷിദിനത്തിൽ എലിക്കുളം പഞ്ചായത്ത് ആദരിച്ചു. പാലാ ആർഡിഒ പി.എസ്. രാജേന്ദ്രബാബു സുനീഷിനെയും ഭാര്യ ജിനിയെയും പൊന്നാട അണിയിച്ച് ആദരിച്ചു. എലിക്കുളം പഞ്ചായത്തിന്റെ ഭിന്നശേഷി, വയോജന ഗാനമേളസംഘമായ മാജിക് വോയ്സിലെ മുഖ്യഗായകനാണ് സുനീഷ്.
ജന്മനാ ഇരുകാലുകളും തളർന്ന സുനീഷ് സോഫയിൽ കിടന്നുകൊണ്ട് കംപ്യൂട്ടറിൽ ജോലി ചെയ്ത് കോമൺസർവീസ് സെന്റർ നടത്തിയാണ് വരുമാനം കണ്ടെത്തിയിരുന്നത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ജില്ലാകളക്ടർ ഇദ്ദേഹത്തിനെ തെരഞ്ഞെടുപ്പിൽ ഭിന്നശേഷി വോട്ടർമാരുടെ അംബാസഡറായി തെരഞ്ഞെടുത്തിരുന്നു.
തുടർന്ന് ജില്ലയിൽ ഭിന്നശേഷിക്കാർക്കായി അനുവദിച്ച റേഷൻകടയുടെ നടത്തിപ്പുകാരനുമായി. ആദരിക്കൽ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു.
സുനീഷിന്റെ ഗാനത്തോടെയാണ് സമ്മേളനം തുടങ്ങിയത്. മാജിക് വോയ്സ് കോ-ഓർഡിനേറ്റർ മാത്യൂസ് പെരുമനങ്ങാട് മുഖ്യപ്രഭാഷണം നടത്തി. സിൽവി വിത്സൺ, സൂര്യമോൾ, അഖിൽ അപ്പുക്കുട്ടൻ, സിനി ജോയ്, ആശ റോയ്, ദീപ ശ്രീജേഷ്, ജിമ്മിച്ചൻ ഈറ്റത്തോട്ട്, ലാലിച്ചൻ ജോർജ്, കെ.സി. സോണി, വി.വി. ഹരികുമാർ, രാജൻ ആരംപുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.