നിർധനരായ വയോധികരുടെ വീട് നവീകരിച്ചു നൽകി വാട്സ്ആപ്പ് കൂട്ടായ്മ
1375584
Sunday, December 3, 2023 10:16 PM IST
ചിറ്റടി: നിർധനരായ വയോധികരുടെ വീട് നവീകരിച്ച നൽകി വാട്സ്ആപ്പ് കൂട്ടായ്മ. 2021 ഒക്ടോബർ 16ന് ഉണ്ടായ മഹാപ്രളയത്തിലാണ് മുണ്ടക്കയം വെള്ളനാടി ആറ്റുപുറമ്പോക്കിൽ താമസിച്ചിരുന്ന കൊച്ചുമഠത്തിൽ ഹമീദ് കുട്ടിയുടെയും ഭാര്യ ശോശാമ്മയുടെയും വീടും വീട്ടുപകരണങ്ങളും പൂർണമായും ഒലിച്ചു പോയത്.
ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടിയ ഈ വയോധികർക്ക് പിന്നീട് സർക്കാർ സ്ഥലം വാങ്ങി വീട് നിർമിക്കുന്നതിന് പത്തുലക്ഷം രൂപ അനുവദിച്ചു. ഇതിൽ ആറുലക്ഷം രൂപ ഉപയോഗിച്ച് ചിറ്റടിയിൽ സ്ഥലം വാങ്ങി. ബാക്കി നാലു ലക്ഷം രൂപയ്ക്ക് വീടുനിർമാണം തുടങ്ങി. എന്നാൽ ഈ തുക പൂർണമായും ലഭിക്കാതെ വന്നതോടെ പണി മുടങ്ങി.
മറ്റ് മാർഗങ്ങൾ ഇല്ലാതെ പാതി പണി തീർന്ന വീട്ടിൽ പിന്നീട് ഇവർ താമസം ആരംഭിച്ചു. വൈദ്യുതി കണക്ഷൻ പോലുമില്ലായിരുന്ന ഈ വീട്ടിൽ ടോയ്ലറ്റ് സംവിധാനങ്ങളോ ആഹാരം പാകം ചെയ്യുവാൻ അടുപ്പോ ഒന്നും ഇല്ലാതിരുന്ന വാർത്ത ഏതാണ് നാളുകൾക്ക് മുമ്പ് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിലെ 1989-90 വർഷത്തെ എസ്എസ്എൽസി വിദ്യാർഥികളുടെ വാട്സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇവരുടെ വീടിന്റെ നിർമാണം പൂർത്തീകരിച്ചു നൽകുവാൻ തീരുമാനിക്കുകയായിരുന്നു. ഒന്നര ലക്ഷത്തോളം രൂപ ചെലവിട്ട് നവംബർ മാസത്തിലാണ് വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കൂട്ടായ്മ ലീഡറും പ്രവാസിയുമായ സുബി ഡൊമിനിക്ക് കാലാപറമ്പിൽ മുഖ്യപങ്കാളിത്തം നൽകി.
സിപിഎം പാറത്തോട് ലോക്കൽ സെക്രട്ടറി പി.കെ. ബാലനായിരുന്നു നിർമാണച്ചുമതല. സജിലാൽ മാമ്മൂട്ടിൽ, ബിജു, സന്ദീപ്, സോണി വർഗീസ്, സിബി മണ്ണൂർ തുടങ്ങിയവർ നിർമാണത്തിന് നേതൃത്വം നൽകി. കട്ടിലും കസേരകളും നാട്ടുകാർ വാങ്ങി നൽകി.
രണ്ടു മുറികളും ഹാളും അടുക്കളയും ശൗചാലയും നവീകരിച്ചു നൽകി. താക്കോൽ ദാന സമ്മേളനത്തിന് സജിലാൽ അധ്യക്ഷത വഹിച്ചു. സിബി ഡൊമിനിക്ക് കാലാപറമ്പിൽ പുതിയ ഭവനത്തിന്റെ താക്കോൽ ദാനം നിർവഹിച്ചു.
പാറത്തോട് പഞ്ചായത്ത് അംഗം ഡയസ് കോക്കാട്, അജു പനയ്ക്കൽ, പി.കെ. ബാലൻ എന്നിവർ പ്രസംഗിച്ചു.