ദിവ്യകാരുണ്യം ജീവിത നവീകരണത്തിന്റെ കേന്ദ്രബിന്ദു: മാര്‍ മാത്യു മൂലക്കാട്ട്
1375258
Saturday, December 2, 2023 3:02 AM IST
കോതനല്ലൂര്‍: ദിവ്യകാരുണ്യം ജീവിതനവീകരണത്തിന്റെ കേന്ദ്രബിന്ദുവാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. കോതനല്ലൂര്‍ തൂവാനിസ ധ്യാനകേന്ദ്രത്തില്‍ നടത്തപ്പെടുന്ന ത്രിദിനബൈബിള് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളസഭാ നവീകരണകാലഘട്ടവുമായി ബന്ധപ്പെട്ട് ദിവ്യകാരുണ്യത്തിലൂടെ ജീവിതനവീകരണം എന്നതാണ് ഈ വര്‍ഷത്തെ ബൈബിള്‍ കണ്‍വന്‍ഷന്റെ പ്രമേയം. ജപമാലയോടുകൂടി ആരംഭിച്ച കണ്വന്ഷന് കടുത്തുരുത്തി ഫൊറോന വികാരി ഫാ. ഏബ്രാഹം പറമ്പേട്ട് ബൈബിള്‍ പ്രതിഷ്ഠ നടത്തി. തുടര്‍ന്ന് ബൈബിള്‍ പാരായണ മാസാചരണത്തിന്റെ ഭാഗമായി അതിരൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ.മാത്യു മണക്കാട്ട് ബൈബിള്‍ പാരായണം നടത്തി.
ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ വിവിധ ഫൊറോനകളിലെ വൈദികര്‍ സഹകാര്‍മികരായിരുന്നു. ആദ്യദിനത്തിലെ വചനശുശ്രൂഷകള്‍ക്കും ആരാധനയ്ക്കും ഫാ. സാജു ഇലഞ്ഞിയില്‍ നേതൃത്വം നല്കി.
രണ്ടാം ദിവസമായ ഇന്നത്തെ വചനശുശ്രൂഷകള്‍ക്ക് അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കും. രാവിലെ 11.45 ന് വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ കൈപ്പുഴ, ഉഴവൂര്‍, ചുങ്കം, ഇടയ്ക്കാട്ട്, പടമുഖം ഫൊറോനകളിലെ വൈദികര്‍ സഹകാര്‍മികരായിരിക്കും.
നാളെ രാവിലെ 10ന് അതിരൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ അതിരൂപത സ്ഥാപനങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ സഹകാര്‍മികരായി പങ്കെടുക്കും. ബ്രദര്‍ സന്തോഷ് കരുമാത്ര വചനശുശ്രൂഷ നയിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് ഫാ. ജിബില്‍ കുഴിവേലിന്റെ നേതൃത്വത്തില്‍ അഭിഷേക ആരാധന നടത്തും. 3.30 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തിനുശേഷം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് സമാപനാശീര്‍വാദം നല്‍കും. കണ്വന്ഷന് ദിനങ്ങള്‍ രാവിലെ 9.30 ന് ജപമാലയോടെ ആരംഭിച്ച് വൈകുന്നേരം നാലിനു സമാപിക്കും.