വികസന ലക്ഷ്യവുമായി ഏറ്റുമാനൂർ ജനകീയ വികസന സമിതി
1375250
Saturday, December 2, 2023 3:02 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂരിന്റെ വികസനം ലക്ഷ്യമിട്ട് രൂപവത്കരിച്ച ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെ ഉദ്ഘാടനം നാളെ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് പാറോലിക്കൽ ഹാംഗ്ഔട്ട് പ്ലേവേൾഡിൽ നടക്കുന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം നിർവഹിക്കും. സമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, അഡ്വ. കെ. സുരേഷ്കുറുപ്പ്, സ്റ്റീഫൻ ജോർജ്, അഡ്വ. വി.ബി. ബിനു, ലതിക സുഭാഷ്, അഡ്വ. ജി. രാമൻ നായർ, ലൗലി ജോർജ്, സജി തടത്തിൽ, ബിൻസി സിറിയക്, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, തോമസ് മാളിയേക്കൽ, ആലീസ് ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.
സമിതിയുടെ നിർദേശങ്ങൾ
വ്യാപാരി വ്യവസായികൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ നീണ്ടൂർ റോഡിൽനിന്ന് ആരംഭിച്ച് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അവസാനിക്കുന്ന 550 മീറ്റർ ഫ്ലൈ ഓവർ നിർമിക്കുക, നാമമാത്രമായ കുട്ടികൾ മാത്രമുള്ള ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥികളെ ഗേൾസ് ഹൈസ്കൂൾ മിക്സഡ് ആക്കിയ ശേഷം അങ്ങോട്ട് വിന്യസിപ്പിക്കുക,
പോലീസ് സ്റ്റേഷൻ ബോയ്സ് ഹൈസ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക, ഇവിടെത്തന്നെ ഫയർ സ്റ്റേഷനും ആരംഭിക്കുക, പാലാ റോഡിൽ മങ്കര ജംഗ്ഷനിൽ ഉള്ള ഇലക്ട്രിസിറ്റി ബോർഡ് വക നാലര ഏക്കർ സ്ഥലത്ത് ഫുട്ബോൾ കോർട്ടും ബാഡ്മിന്റൺ കോർട്ടും ഇൻഡോർ സ്റ്റേഡിയവും നിർമിക്കുക,
അതിനാവശ്യമായ ഫണ്ട് രാജീവ് ഗാന്ധി അഭയാൻ പദ്ധതി പ്രകാരം ലഭിക്കാനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയായിരിക്കും സമിതിയുടെ പ്രാഥമിക പ്രവർത്തനങ്ങളെന്ന് സമിതി പ്രസിഡന്റ് ബി. രാജീവ്, സെക്രട്ടറി അജാസ് വടക്കേടം, എൻ. അരവിന്ദാക്ഷൻ നായർ, വർക്കി ജോയി പൂവംനിൽക്കുന്നതിൽ, പി.എം.എച്ച്. ഇക്ബാൽ എന്നിവർ പറഞ്ഞു.