പമ്പാവാലി ബഫർ സോൺ : പെറ്റി അടയ്ക്കാൻ ഇന്നു തെണ്ടൽസമരം
1375086
Friday, December 1, 2023 11:51 PM IST
എരുമേലി: പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകളെ കഴിഞ്ഞ വർഷം ഡിസംബറിൽ ബഫർ സോൺ ആയി പ്രഖ്യാപിച്ചപ്പോൾ പ്രതിഷേധസമരം നടത്തിയ നാട്ടുകാർക്കെതിരേ പോലീസ് എടുത്ത കേസുകളിൽ ഒരു വർഷം ആയപ്പോൾ പിഴത്തുക അടയ്ക്കാൻ ഇന്നു തെണ്ടൽസമരം. രാവിലെ പത്തിന് എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്ന് തെണ്ടൽയാത്ര ആരംഭിക്കുമെന്ന് കേസിൽ പ്രതിയായ എയ്ഞ്ചൽവാലി വാർഡ് അംഗം മാത്യു ജോസഫ് അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി ഉൾപ്പടെ 64 പേർ പ്രതികളായ ഒരു കേസും 36 പേർ പ്രതികളായ മൂന്നു കേസുകളുമാണ് ഉള്ളത്. 64 പേർ പ്രതികളായ കേസിൽ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഈ കേസിൽ കോടതിയിൽനിന്നു മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. മറ്റ് മൂന്നു കേസുകളിൽ പിഴ അടയ്ക്കാനുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ഈ കേസുകൾ അടുത്ത ദിവസം കാഞ്ഞിരപ്പള്ളി കോടതി പരിഗണിക്കാനിരിക്കുകയാണ്. ഈ കേസുകളിൽ ഒരാൾക്ക് കുറഞ്ഞത് ആയിരം രൂപയെങ്കിലും പിഴ ചുമത്തിയേക്കുമെന്നാണ് കരുതുന്നത്. മൂന്ന് കേസുകളിലുമായി ഒരാൾക്ക് കുറഞ്ഞത് മൂവായിരം രൂപ പിഴ ചുമത്തപ്പെട്ടേക്കാം.
ഇങ്ങനെ 36 പേർക്കും ഇതേ നിലയിൽ പിഴ ചുമത്തപ്പെട്ടാൽ തുക അടയ്ക്കുന്നതിനാണ് ഇന്നു ഭിക്ഷാടനം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് മാത്യു ജോസഫ് പറഞ്ഞു.
തെണ്ടൽ എന്ന പേരിട്ടിരിക്കുന്ന ഈ ഭിക്ഷാടന പരിപാടി ജനകീയ സമരത്തെ കേസിൽ കുടുക്കിയ സർക്കാർ നിലപാടിനെതിരേ നടത്തുന്ന പ്രതിഷേധസമരം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. മുൻകൂർ ജാമ്യം ലഭിച്ച കേസിൽ തുടർന്നുള്ള നിയമ വ്യവഹാരത്തിനുള്ള തുകകൂടി കണ്ടെത്തേണ്ടതുണ്ട്. സർക്കാർ ആദ്യം പ്രസിദ്ധീകരിച്ച മാപ്പിൽ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ ഭൂരേഖാ മാപ്പിൽനിന്ന് ഒഴിവാക്കപ്പെട്ട നിലയിലായിരുന്നു.
ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നതിനിടെയാണ് മേഖലയെ ബഫർ സോൺ ആയി പ്രഖ്യാപിച്ചത്. ഇതോടെ പ്രദേശം സംരക്ഷിത വനമേഖലയിൽ ആകുമെന്നും വീടും സ്ഥലവും ഒഴിഞ്ഞ് ഇറങ്ങേണ്ടിവരുമെന്നുമുള്ള ഭീതി നാട്ടുകാരിൽ വ്യാപകമാവുകയായിരുന്നു. ഇതോടെയാണ് ശക്തമായ പ്രതിഷേധം രൂപപ്പെട്ടത്.
ജനങ്ങൾ സംഘടിച്ച് വനം വകുപ്പിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തുകയും വനം വകുപ്പിന്റെ ബോർഡ് പിഴുതുമാറ്റി കരി ഓയിൽ ഒഴിക്കുകയും തുടർന്ന് ദിവസങ്ങളോളം സമരങ്ങൾ വ്യാപിക്കുകയുമായിരുന്നു. വനം വകുപ്പിന്റെ ഓഫീസിന് മുന്നിൽ നടന്ന സമരത്തിനാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഈ കേസിന്റെ സമൻസ് നൽകാൻ പോലീസ് ചെന്നത് എയ്ഞ്ചൽവാലിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസംഗിച്ചു കൊണ്ടിരുന്ന പ്രതിഷേധസമര സ്ഥലത്തായിരുന്നു.
ഇത് പ്രതിപക്ഷ നേതാവും പോലീസും തമ്മിൽ വാക്കേറ്റത്തിനിടയാക്കിയിരുന്നു. ഒന്നര ലക്ഷം രൂപ കേസുകളുടെ നടത്തിപ്പുചെലവുകൾക്ക് വേണ്ടി വരുമെന്നാണ് ബഫർ സോൺ വിരുദ്ധ ജനകീയ സമരസമിതി പറയുന്നത്.