മാടപ്പള്ളിയില്‍ രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ സംഭവം : പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും
1375085
Friday, December 1, 2023 11:51 PM IST
ചങ്ങനാശേരി: മാടപ്പള്ളി പൊന്‍പുഴയില്‍ ഭര്‍ത്താവ് രണ്ടാം ഭാര്യയുടെ കഴുത്തില്‍ ഷോള് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മാടപ്പള്ളി പൊന്‍പുഴ അറയ്ക്കല്‍ സനീഷ് ജോസഫി(38)നെ ഇന്ന് ചങ്ങനാശേരി ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ കോടതില്‍ ഹാജരാക്കും. ഇയാളുടെ ഭാര്യ സിജി (31)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി ഏഴിന് സനീഷിന്റെ മാടപ്പള്ളി പൊന്പുഴയിലുള്ള വാടകവീടിന് ഏകദേശം മുന്നൂറു മീറ്ററകലെ വഴിയില്‍വച്ചാണ് സിജിയെ കൊലപ്പെടുത്തിയത്. ഇതിനുശേഷം ബൈക്കില്‍ രക്ഷപ്പെട്ട സനീഷിനെ അന്നു രാത്രിയില്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സനീഷ് മാമ്മൂട് മാന്നില സ്വദേശിയായ സിജിയുമായി പ്രേമബന്ധത്തിലായി വിവാഹം ചെയ്തതോടെ ആദ്യഭാര്യ സനീഷുമായുള്ള ബന്ധം ഉപേക്ഷിച്ചുപോയിരുന്നു. തുടര്‍ന്ന് സനീഷും സിജിയും ശാന്തിപുരത്ത് വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു.
പണം കൊടുക്കുന്നതിനിടെയുള്ള തര്‍ക്കം കൊലപാതകത്തിലെത്തിച്ചു
സനീഷിനോട് സിജി അയ്യായിരം രൂപ ആവശ്യപ്പെട്ടു. ചങ്ങനാശേരിയിലുള്ള തുണിക്കടയില്‍ ജോലികഴിഞ്ഞ് ഓട്ടോയില്‍ കയറി സിജി പണം വാങ്ങാനായി സനീഷിന്റെ വാടകവീടിനടുത്തെത്തി. ഇരുവരും സംസാരിക്കുന്നതിനിടയില്‍ സിജിക്ക് വന്ന ഫോണിനെ ചൊല്ലിയുണ്ടായ സംശയവും തര്‍ക്കവുമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നു പോലീസ് പറഞ്ഞു.
തൃക്കൊടിത്താനം എസ്എച്ച്ഒ ജി.അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. സിജിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇവര്‍ക്ക് നാലുവയസുള്ള ഒരു പെണ്‍കുട്ടിയുണ്ട്. സിജിയുടെ സംസ്കാരം ഇന്ന് 11ന് മാന്നില തിരുക്കുടുംബ പള്ളിയിൽ.