ബോധം കെടുത്താതെ തലച്ചോര്‍ ശസ്ത്രക്രിയ നടത്തി പാലാ മാര്‍ സ്ലീവ മെഡിസിറ്റി
1375084
Friday, December 1, 2023 11:51 PM IST
പാലാ: ഉണര്ത്തിക്കിടത്തിയുള്ള ശസ്ത്രക്രിയയിലൂടെ (ന്യൂറോ മോണിറ്ററിംഗ് സംവിധാനത്തോടെയുള്ള അവേക്ക് ക്രനിയോട്ടമി)ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു ഗുരുതരാവസ്ഥയിലായിരുന്ന കര്‍ഷകന്റെ തലയിലെ മുഴ പാലാ മാര്‍ സ്ലീവ മെഡിസിറ്റിയില്‍ നീക്കം ചെയ്തു.
ഇടുക്കി മാവടി സ്വദേശിയായ 51 കാരനെയാണ് ഈ അപൂര്‍വ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. ആറു മാസം മുന്‍പ് അപസ്മാരം ഉണ്ടായ കര്ഷകന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയും സ്കാനിംഗിനു ശേഷം തുടര്‍ ചികിത്സ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അടുത്തിടെ വീണ്ടും അപസ്മാരം ഉണ്ടായതിനെത്തുടർന്നു മാര്‍ സ്ലീവ മെഡിസിറ്റിയില്‍ ചികിത്സ തേടി എത്തുകയായിരുന്നു.
ഇവിടെ നടത്തിയ പരിശോധനയില്‍ തലച്ചോറിലെ മുഴ അതിവേഗം വളരുന്നതായി കണ്ടെത്തി. തലച്ചോറിന്റെ വലതു ഭാഗത്തായിരുന്നു അപകടകരമായ രീതിയില്‍ മുഴ വളര്‍ന്നു വന്നത്. വലതു കൈ-കാലുകള്‍, സംസാരശേഷി എന്നിവ നിയന്ത്രിക്കുന്ന ഭാഗത്തേക്കും മുഴ പടര്‍ന്നു പിടിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കു ഇടയില്‍ ഈ ഭാഗത്തു ക്ഷതം ഉണ്ടാകാതെ ശസ്ത്രക്രിയ നടത്തണം എന്ന വെല്ലുവിളിയായിരുന്നു ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നത്.
ഇതിനാലാണ് സൂഷ്മതയോടെ ചെയ്യേണ്ട അവേക്ക് ക്രനിയോട്ടമി ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ബോധത്തില്‍ ആയിരുന്ന രോഗിയുടെ കണ്ണുകളുടെ ഭാഗത്തു നിന്നു കാഴ്ച മറച്ച ശേഷം വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ആരംഭിച്ചു. ഇതേ സമയത്തു രോഗി നഴ്സുമാര്‍ ചോദിക്കുന്ന ചോദ്യത്തിന് മറുപടി നല്കി സംസാരിച്ചു കൊണ്ടിരുന്നു. കൈ കാലുകളും ചലിപ്പിച്ചിരുന്നു.
നാലു മണിക്കൂര്‍കൊണ്ട് സങ്കീര്‍ണമായ ശസ്ത്രക്രിയ നടപടികള്‍ പൂര്‍ത്തിയായി. മാര്‍ സ്ലീവ മെഡിസിറ്റിയില്‍ നടത്തിയ ആദ്യത്തെ അവേക്ക് ക്രനിയോട്ടമി ശസ്ത്രക്രിയയാണിത്.
ന്യൂറോ സര്‍ജറി ആന്‍ഡ് സ്പൈന്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ്് ഡോ. ശ്യാം ബാലസുബ്രഹ്മണ്യന്, അസോ. കണ്‍സല്‍ട്ടന്റ്് ഡോ. ടോം ജോസ്, അനസ്തേഷ്യോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ്് ഡോ. അജയ് പിള്ള, കണ്‍സല്‍ട്ടന്റ് ഡോ.ശിവാനി ബക്ഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രോഗിയെ ഐസിയുവില്‍നിന്ന് മുറിയിലേക്ക് മാറ്റി.