സുരേഷ് ഗോപി ബ്രില്ല്യന്റില്‍; ആവേശത്തോടെ വിദ്യാര്‍ഥികള്‍
1375083
Friday, December 1, 2023 11:51 PM IST
പാലാ:ചലച്ചിത്രനടനും മുന്‍ എംപി യുമായ സുരേഷ് ഗോപി അപ്രതീക്ഷിതമായി പാലാ ബ്രില്ല്യന്റ്് സ്റ്റഡി സെന്ററിലെത്തിയത് വിദ്യാര്‍ഥികളെ ആവേശത്തിലാക്കി. ഇന്നലെ രാവിലെ 11.45നാണ് മുത്തോലിയില്‍ നടന്ന കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം ബ്രില്ല്യന്റ് കാമ്പസില്‍ കുട്ടികളെ കാണാന്‍ എത്തിയത്.
ബ്രില്ല്യന്റ് ഡയറക്ടര്‍മാരായ ജോര്‍ജ് തോമസ്, സ്റ്റീഫന്‍ ജോസഫ്, ബി. സന്തോഷ് കുമാര്‍ എന്നിവരും കുട്ടികളും ജീവനക്കാരും ചേര്‍ന്ന് അദ്ദേഹത്തെസ്വീകരിച്ചു. കാമ്പസിന്റെ മുറ്റത്തും ബഹുനിലമന്ദിരത്തിന്റെ വരാന്തകളിലും തിങ്ങിനിറഞ്ഞ വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ ഹര്‍ഷാരവം മുഴക്കി ആവേശത്തോടെയാണ് സ്വീകരിച്ചത്. വേദിക്ക് ചുറ്റുമായി ആര്‍പ്പുവിളികളുമായി നിന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം വട്ടത്തില്‍ ചുറ്റിനടന്ന് സൂപ്പര്‍താരം സെല്ഫിയുമെടുത്തതോടെ വിദ്യാര്‍ഥികളുടെ ആവേശം വാനോളമുയര്‍ന്നു.
പ്രത്യേകം തയാറാക്കിയ വേദിയില്‍ വിദ്യാര്‍ഥികളെ അദ്ദേഹം അഭിസംബോധന ചെയ്തു.വിദ്യാര്‍ത്ഥികള്‍ വളരുന്ന ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളാണെന്നും നന്നായി പഠിക്കണമെന്നും കുട്ടികളെ ഓര്‍മിപ്പിച്ച അദ്ദേഹം തന്റെ ബന്ധുക്കളായ നിരവധിപേര്‍ ബ്രില്ല്യന്റില്‍ പഠിച്ച് ഉന്നതവിജയം നേടി ഡോക്ടര്‍മാരായ കാര്യവും അനുസ്മരിച്ചു. ബ്രില്ല്യന്റ് സ്റ്റഡി സെന്ററുമായുള്ള ബന്ധം സ്നേഹപൂര്‍വം ഓര്‍മിച്ച അദ്ദേഹം തുടര്‍ന്നും ബ്രില്ല്യന്റില്‍ എത്തിച്ചേരുമെന്ന വാഗ്ദാനം നല്‍കിയാണ് മടങ്ങിയത്.